ലെഗ് സ്പിന്നിൽ ഇന്ത്രജാലം തീർത്ത ബൗളറായിരുന്നു വിടപറഞ്ഞ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ. ലെഗ് സ്റ്റംപിന് പുറത്ത് വൈഡാണെന്ന് തോന്നിക്കുന്ന പന്ത് വരെ കുത്തിത്തിരിഞ്ഞ് കുറ്റി തെറിപ്പിക്കുമ്പോൾ ബാറ്റർക്ക് അന്തംവിട്ട് നിൽക്കാൻ കഴിയുമായിരുന്നുള്ളൂ. അത്തരത്തിലുള്ള നിരവധി പന്തുകൾക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. അതിലൊന്നായിരുന്നു നൂറ്റാണ്ടിന്റെ പന്ത് എന്ന് വിശേഷിപ്പിക്കുന്ന ആ വിക്കറ്റ്.
1993ലെ ആസ്ട്രേലിയ - ഇംഗ്ലണ്ട് ആഷസ് പരമ്പരയാണ് വേദി. ഓൾഡ് ട്രാഫോർഡ് മൈതാനത്തിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് നൂറ്റാണ്ടിന്റെ പന്ത് എന്ന് അറിയപ്പെടുന്ന സംഭവമുണ്ടായത്. ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിങ്ങാണ് ഷെയ്ൻ വോൺ എറിഞ്ഞ പന്തിൽ അത്ഭുതാവഹമായി പുറത്താകുന്നത്. മത്സരത്തിലെ വോണിന്റെ ആദ്യ പന്ത് കൂടിയായിരുന്നുവത്.
ചെറിയൊരു റണ്ണപ്പിനുശേഷം ഷെയ്ൻ വോൺ, വലംകൈ ബാറ്റ്സ്മാനായ ഗാറ്റിങ്ങിനെതിരെ തന്റെ വലതു കൈ ഒന്ന് തിരിച്ച് ലെഗ് സ്പിൻ പന്ത് ബൗൾ ചെയ്തു. പന്ത് തുടക്കത്തിൽ ബാറ്റ്സ്മാന് നേരെയാണ് സഞ്ചരിച്ചിരുന്നതെന്ന് സസൂക്ഷ്മം നിരീക്ഷിച്ചാൽ കാണാമായിരുന്നു. അത് ബാറ്റ്സ്മാനെ സമീപിക്കും തോറും സ്പിൻ ചെയ്തു കൊണ്ട് വലത്തോട്ട് തിരിഞ്ഞുകൊണ്ടിരുന്നു. ലെഗ് സ്റ്റംപിനു പുറത്ത് കുറച്ച് ഇഞ്ചുകൾ അകലത്തിൽ ആ പന്ത് കുത്തി.
ഗാറ്റിങ് തന്റെ ഇടതുകാൽ മുന്നോട്ട് കയറ്റി പന്ത് കുത്തുന്ന സ്ഥാനത്ത് വെച്ച് ബാറ്റ് തന്റെ പാഡിനോട് ചേർത്ത് ആ പന്തിനെതിരായി പ്രതികരിച്ചു. പരിചയസമ്പന്നരായ ബാറ്റ്സമാന്മാർ പ്രയോഗിക്കുന്ന തന്ത്രമാണിത്. പന്ത് തന്റെ ബാറ്റിലോ പാഡിലോ തട്ടും എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ തന്ത്രം പ്രയോഗിക്കുന്നത്. പന്ത് ലെഗ് സ്റ്റംപിനു പുറത്താണ് കുത്തിയത് എന്നതിനാൽ കാലിൽ കൊണ്ടാലും എൽ.ബി.ഡബ്ല്യു നൽകാനാവില്ല. മാത്രവുമല്ല, പന്ത് കൂടുതലായി തിരിയുകയാണെങ്കിൽ ബാറ്റിൽ കൊണ്ട് സുരക്ഷിതമായി നിലം പതിക്കുകയും ചെയ്യും.
കുത്തി ഉയർന്ന ആ പന്ത്, ഗാറ്റിങ് വിചാരിച്ചതിലും കൂടുതൽ തിരിഞ്ഞു. ആ പന്ത് അദ്ദേഹത്തിന്റെ ബാറ്റിനേയും കടന്നുപോയി ഓഫ് സ്റ്റംപിലെ ബൈലിനെ താഴെയിട്ടു. ഗാറ്റിങ് ഒരു നിമിഷം പിച്ചിലേക്ക് സൂക്ഷിച്ചുനോക്കി നിന്നുപോയി. അമ്പയർ പോലും അന്തംവിട്ടുനിൽക്കുകയായിരുന്നു. അതിനുശേഷം തന്റെ വിധിയെ അംഗീകരിച്ച് ഗാറ്റിങ് പവലിയനിലേക്ക് മടങ്ങി.
പരമ്പര ആസ്ട്രേലിയ 4-1ന് നേടി. പരമ്പരയിൽ 25.79 ശരാശരിയിൽ 34 വിക്കറ്റുകളാണ് ഷെയ്ൻ വോൺ വീഴ്ത്തിയത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.