‘പിതാവ് പത്ത് ദിവസം ഐ.സി.യുവിലായിരുന്നു, ഇന്നലെ കളിച്ചത് അദ്ദേഹത്തിന് വേണ്ടി’; വിജയം പിതാവിന് സമർപ്പിച്ച് മൊഹ്സിൻ ഖാൻ

ലഖ്നോ: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരെ അതിനിർണായകമായ അവസാന ഓവർ എറിയാൻ ലഖ്നോ ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യ സീസണിലെ രണ്ടാം മത്സരം മാത്രം കളിക്കുന്ന മൊഹ്സിൻ ഖാനെ വിളിച്ചപ്പോൾ നെറ്റിചുളിച്ചവരേറെയായിരുന്നു. എന്നാൽ, കളി കണ്ടിരുന്നവരെ മുഴുവൻ വിസ്മയിപ്പിച്ചാണ് താരം കളം വിട്ടത്, അതും ടീമി​ന് അഞ്ച് റൺസിന്റെ സ്വപ്നതുല്യമായ ജയം സമ്മാനിച്ച്. വമ്പനടിക്കാരായ കാമറൂൺ ഗ്രീൻ, ടിം ഡേവിഡ് എന്നിവർ ക്രീസിലുള്ളപ്പോൾ അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ് ആയിരുന്നു. എന്നാൽ, അവർക്ക് നേടാനായത് വെറും അഞ്ച് റൺസ്.

പ്ലേ ഓഫിൽ പ്രവേശിക്കാൻ ഇരുടീമുകൾക്കും ജയം അനിവാര്യമായ മത്സരത്തിൽ 178 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് അവസാന രണ്ടോവറിൽ വേണ്ടിയിരുന്നത് 30 റൺസായിരുന്നു. നവീനുൾ ഹഖ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 19 റൺസടിച്ച് കളിയിലേക്ക് തിരിച്ചുവന്ന മുംബൈയെ മൊഹ്‌സിൻ അവസാന ഓവറിൽ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞും യോർക്കറുകളും കൊണ്ട് പിടിച്ചുകെട്ടുകയായിരുന്നു.

ലഖ്നോയെ വിജയത്തിലെത്തിച്ച തന്റെ പ്രകടനം പിതാവിന് സമർപ്പിച്ചിരിക്കുകയാണ് താരം. ''ഏറെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയിരുന്നത്. പരിക്ക് കാരണം ഒരു വർഷത്തിന് ശേഷമാണ് കളിക്കാനാവുന്നത്. പത്ത് ദിവസം ഹോസ്പിറ്റൽ ഐ.സി.യുവിലായിരുന്ന പിതാവിനെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്. ഞാൻ അദ്ദേഹത്തിന് വേണ്ടിയാണ് ഇന്നലെ കളിച്ചത്. അദ്ദേഹം കളി കണ്ടിട്ടുണ്ടാവും''- മത്സര ശേഷം മുഹ്‌സിൻ പറഞ്ഞു. തന്നിൽ വിശ്വസിച്ച ടീമിനും സ്റ്റാഫിനും ഗൗതം ഗംഭീറിനും താരം നന്ദി പറഞ്ഞു. സ്വയം നിയന്ത്രിക്കുകയും സ്കോർബോർഡിലേക്ക് നോക്കാതെ ആറ് പന്തും എറിഞ്ഞു ​തീർക്കുകയുമാണ് ചെയ്തതെന്നും മൊഹ്സിൻ വെളിപ്പെടുത്തി. മത്സരത്തിൽ മൂന്നോവർ എറിഞ്ഞ താരം 26 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.

2022ലെ തന്റെ അരങ്ങേറ്റ സീസണിൽ 14 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മൊഹ്സിൻ വൈകാതെ ദേശീയ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചവർ ഏറെയായിരുന്നു. എന്നാൽ, ഇടത് ചുമലിലെ പരിക്ക് തിരിച്ചടിയാവുകയായിരുന്നു. 

Tags:    
News Summary - 'Father was in ICU for ten days, played for him yesterday'; Mohsin Khan dedicates the victory to his father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.