മുംബൈ: അർധസെഞ്ച്വറികളുമായി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദും ശിവം ദുബെയും അവസാന ഘട്ടത്തിൽ ബാറ്റിങ് വിസ്ഫോടനവുമായി എം.എസ് ധോണിയും നിറഞ്ഞാടിയപ്പോൾ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് മികച്ച സ്കോർ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ ധോണി ഹാട്രിക് സിക്സർ തൂക്കിയപ്പോൾ പിറന്നത് 26 റൺസാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഓപണറായെത്തിയ അജിൻക്യ രഹാനെയെ പെട്ടെന്ന് തന്നെ നഷ്ടമായിരുന്നു. എട്ട് പന്തിൽ അഞ്ച് റൺസെടുത്ത താരത്തെ കോയറ്റ്സിയുടെ പന്തിൽ ഹാർദിക് പാണ്ഡ്യ കൈയിലൊതുക്കുകയായിരുന്നു. 16 പന്തിൽ 21 റൺസെടുത്ത രചിൻ രവീന്ദ്രയെ ശ്രേയസ് ഗോപാലും വൈകാതെ മടക്കി. തുടർന്ന് ഒരുമിച്ച ഗെയ്ക്‍വാദും ശിവം ദുബെയും ചേർന്ന് മുംബൈ ബൗളർമാരെ അനായാസം നേരിടുകയായിരുന്നു. 40 പന്തിൽ അഞ്ച് വീതം സിക്സും ഫോറുമടക്കം 69 റൺസെടുത്ത ഗെയ്ക്‍വാദിനെ പാണ്ഡ്യയുടെ പന്തിൽ മുഹമ്മദ് നബി പിടികൂടിയപ്പോൾ 38 പന്തിൽ രണ്ട് സിക്സും 10 ഫോറുമടക്കം 66 റൺസ് അടിച്ചുകൂട്ടിയ ദുബെ പുറത്താകാതെ നിന്നു. 14 പന്തിൽ 17 റൺസെടുത്ത ഡാറിൽ മിച്ചലാണ് പുറത്തായ മറ്റൊരു ബാറ്റർ.
മിച്ചൽ പുറത്തായ ശേഷമായിരുന്നു വാംഖഡെ സ്റ്റേഡിയത്തെ സ്തംഭിപ്പിക്കുന്ന ‘തല’യുടെ വിളയാട്ടം. എതിർ നായകൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ 20ാം ഓവറിലെ ആദ്യ പന്ത് വൈഡായപ്പോൾ അടുത്ത പന്തിൽ മിച്ചൽ ഫോറടിച്ചു. വീണ്ടും വൈഡെറിഞ്ഞ പാണ്ഡ്യ തൊട്ടടുത്ത പന്തിൽ മിച്ചലിനെ മുഹമ്മദ് നബിയുടെ കൈയിലെത്തിച്ചു. തുടർന്നുള്ള മൂന്ന് പന്തുകൾ നിലംതൊടാതെ ഗാലറിയിലേക്ക് പറക്കുന്ന കാഴ്ചയാണ് വാംഖഡെ സ്റ്റേഡിയത്തിൽ കണ്ടത്. നേരിട്ട ആദ്യ പന്ത് ലോങ് ഓഫിലൂടെ പറന്നപ്പോൾ രണ്ടാം പന്ത് വൈഡ് ലോങ്ഓണിലൂടെ ഗാലറിയിലെത്തി. മൂന്നാം പന്ത് പറന്നത് സ്ക്വയർ ലെഗിലൂടെയായിരുന്നു. അവസാന പന്തിൽ രണ്ട് റൺസ് കൂടിയെടുത്ത് നാല് പന്തിൽ 20 റൺസുമായി ധോണി കീഴടങ്ങാതെ തിരിച്ചുകയറുമ്പോൾ 500 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
മുംബൈക്കായി മൂന്നോവറിൽ 43 റൺസ് വഴങ്ങി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തപ്പോൾ കഴിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ബുംറക്ക് ഇത്തവണ ആരെയും പുറത്താക്കാനായില്ല. ജെറാൾഡ് കോയറ്റ്സി, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.