ബാബറിനെ 'സിംബു' എന്ന് വിളിച്ച് ഷഹീൻ അഫ്രീദി; പാക് ടീമിൽ തമ്മിൽ തല്ലെന്ന് ആരോപണം

മുൾത്താനിൽ നടന്ന പാകിസ്താൻ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ പാകിസ്താൻ ടീമിൽ വഴക്കെന്ന് ആരോപണം. മുൻ ക്യാപ്റ്റൻ ബാബർ അസമിനെ പേസർ ഷഹീൻ ഷാ അഫ്രീദി അപമാനിച്ചതായാണ് ആരോപണം. മത്സരത്തിനിടെ ഷഹീൻ പല തവണ ‘സിംബു.. സിംബു..’ എന്നു വിളിച്ചു പറഞ്ഞതാണ് വിവാദത്തിനു വഴി തുറന്നത്. കുഞ്ഞൻ ടീമുകൾക്കെതിരെ മികച്ച റൺ അടിച്ചുക്കൂട്ടുകയും വലിയ ടീമുകൾക്കെതിരെ പരാജയപ്പെടുകയും ചെയ്യുന്നത് കാരണം ബാബറിനെ ആരാധകർ സിംബാബർ സിംബു എന്നൊക്കെ വിളിച്ച് കളിയാക്കാറുണ്ട്.

എന്നാൽ ടീമിൽ ഒരാൾ തന്നെ ഇങ്ങനെ വിളിച്ചത് ഞെട്ടിച്ചെന്ന് ഒരുപാട്പേർ പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. നേരത്തെ ക്യാപറ്റ്ൻസിയുടെ പേരിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. നിലവിൽ കരിയറിലെ ഏറ്റവും മോശം ഫോമിലാണ് ബാബർ അസം കടന്നുപോകുന്നത്. ബാറ്റർമാരുടെ പറുദീസയായ എല്ലാവരും തകർത്തടിച്ച മുൾത്താനിലെ പിച്ചിലും ബാബർ അസം പരാജയമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ 17 ഇന്നിങ്സുകളിൽ ഒരു അർധസെഞ്ച്വറി പോലും തികക്കാൻ സാധിക്കാത്ത ബാബറിന്‍റെ അവസാന സെഞ്ച്വറി പിറന്നത് 2022ലാണ്.

അതേസമയം റൺമഴ വർഷിച്ച ആദ്യ മത്സരത്തിൽ ഒരു ഇന്നിങ്സിനും 47 റൺസിനുമായിരുന്നു പാക് പടയുടെ തോൽവി. ആദ്യ ഇന്നിങ്സിൽ പാകിസ്താൻ 556 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 823 റൺസ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ പാകിസ്താനെ 220ൽ എറിഞ്ഞിട്ടതോടെ ഇംഗ്ലണ്ട് അനായാസമായി വിജയിക്കുകയായിരുന്നു.

Tags:    
News Summary - fight between babar azam and shaheen afridi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.