അദ്ഭുതങ്ങൾ നിറഞ്ഞ പാകിസ്താൻ ക്രിക്കറ്റ്! ബാബർ അസമിനെ ഒഴിവാക്കിയത് മണ്ടത്തരമെന്നും മുൻ ഇംഗ്ലണ്ട് നായകൻ

ലണ്ടൻ: തുടർ തോൽവികളിലും താരങ്ങൾക്കിടയിലെ ഭിന്നതയിലും വലയുന്ന പാകിസ്താൻ ക്രിക്കറ്റിൽ മുൻ നായകൻ ബാബർ അസമിനെ പുറത്തിരുത്തിയുള്ള പരിഹാരക്രിയ വലിയ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടെസ്റ്റുകൾക്കുള്ള ടീമിൽനിന്നാണ് സൂപ്പർതാരം ബാബറിനെ ഒഴിവാക്കിയത്. താരത്തിന്‍റെ മോശം ഫോമിനെ തുടർന്നാണ് പുറത്തിരുത്തിയത്.

കൂടാതെ, പേസർമാരായ ഷഹീൻ അഫ്രീദിയെയും നസീം ഷായെയും ടീമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പി.സി.ബി തീരുമാനത്തിനെതിരെ സഹതാരം ഫഖർ സമാൻ ഉൾപ്പെടെയുള്ളവർ പരസ്യമായി രംഗത്തുവന്നിരുന്നു. മുൻ ഇംഗ്ലീഷ് നായകൻ മൈക്കൽ വോണും തീരുമാനത്തിൽ ആശ്ചര്യം പ്രകടിപ്പിച്ചു. ഒരു വർഷമായി ടെസ്റ്റിൽ ഒരു അർധ സെഞ്ച്വറി പോലും ബാബറിന് നേടാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലും 30, അഞ്ച് എന്നിങ്ങനെയാണ് ബാബറിന്‍റെ സ്കോർ. ബൗളർമാർക്ക് യാതൊരു സാധ്യതയും നൽകാത്ത മുൾട്ടാനിലെ പിച്ചിലും ബാബർ ബാറ്റിങ്ങിൽ പരാജയപ്പെട്ടതോടെയാണ് വിമർശനം ശക്തമായത്.

ബാബറിനെ ഒഴിവാക്കിയത് മണ്ടൻ തീരുമാനമെന്നാണ് മൈക്കൽ വോൺ വിശേഷിപ്പിച്ചത്. ‘പാകിസ്താൻ തുടർച്ചയായി തോൽക്കുകയാണ്.. പരമ്പരയിൽ 1-0ത്തിന് പിന്നിലാണ്, മികച്ച ബാറ്ററായ ബാബർ അസമിനെ ടീമിൽനിന്ന് ഒഴിവാക്കി .. പാകിസ്താൻ ക്രിക്കറ്റ് ആശ്ചര്യങ്ങൾ നിറഞ്ഞതാണെന്ന് ഞാൻ കരുതുന്നു, പക്ഷേ ഇതൊരു മണ്ടത്തരമാണ്.. അവൻ ഒരു ഇടവേള ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ തീർത്തും മണ്ടത്തരമായ തീരുമാനം’ -വോൺ സമൂഹമാധ്യമത്തിൽ കുറിച്ചു.

പുതിയ സെലക്ഷൻ കമ്മിറ്റിയാണ് രണ്ടും മൂന്നും ടെസ്റ്റുകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. മോശം ഫോമിലൂടെ കടന്നുപോയപ്പോൾ വിരാട് കോഹ്ലിയെ ബി.സി.സി.ഐ പുറത്താക്കിയിട്ടില്ലെന്നും ബാബറിനെ ഒഴിവാക്കിയ നടപടി ടീമിന് തെറ്റായ സന്ദേശം നൽകുമെന്നും ഫഖർ സമാൻ വിമർശിച്ചു. കഴിഞ്ഞ അഞ്ചു ഇന്നിങ്സുകളിൽ 22, 31, 11, 30, അഞ്ച് എന്നിങ്ങനെയാണ് ബാബറിന്‍റെ പ്രകടനം. 2022 ഡിസംബറിൽ കറാച്ചിയിൽ ന്യൂസിലൻഡിനെതിരെയാണ് താരം അവസാനമായി ഒരു സെഞ്ച്വറി നേടിയത്.

Tags:    
News Summary - Former England Captain Lambasts PCB For Dropping Babar Azam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.