കിങ്സ് ടൗൺ: സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ച് അഫ്ഗാൻ ട്വന്‍റി20 ലോകകപ്പിന്‍റെ സെമിയിൽ കടന്നു. ആസ്ട്രേലിയയെ അട്ടിമറിച്ചെത്തിയ അഫ്ഗാൻ, ത്രില്ലർ പോരാട്ടത്തിനൊടുവിലാണ് ബംഗ്ലാ കടുവകളെ എട്ടു റൺസിന് പരാജയപ്പെടുത്തിയത്.
ഒരു ഐ.സി.സി ടൂർണമെന്‍റിന്‍റെ ചതിത്രത്തിൽ ആദ്യമായാണ് അഫ്ഗാൻ സെമിയിലെത്തുന്നത്. മത്സരത്തിനിടെ നിരവധി നാടകീയ സംഭവങ്ങളും അരങ്ങേറി. അതിലൊന്നായിരുന്നു സഹതാരത്തിനുനേരെ അഫ്ഗാൻ നായകൻ റാഷിദ് ഖാൻ ബറ്റ് എറിഞ്ഞത്. അഫ്ഗാൻ ബാറ്റിങ്ങിനിടെ 20ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു റാഷിദിന്‍റെ ബാറ്റ് കൊണ്ടുള്ള പ്രയോഗം. ക്രീസിൽ റാഷിദും കരീം ജന്നത്തുമായിരുന്നു ഈസമയം. തൻസീം ഹസൻ സാകിബ് എറിഞ്ഞ മൂന്നാം പന്തിൽ റാഷിദിന്‍റെ ഹെലികോപ്ടർ ഷോട്ട്, പക്ഷേ ബാറ്റിൽ കൃത്യമായി കൊണ്ടില്ല. പിന്നാലെ റണ്ണിനായി ഓടി. ഡബ്ളിനായി റാഷിദ് ഓടി പകുതിയെത്തിയെങ്കിലും മറുതലക്കലുണ്ടായിരുന്ന കരീം ജന്നത്ത് വിസമ്മതിച്ചു. പിന്നാലെയാണ് റാഷിദ് കൈയിലുണ്ടായിരുന്ന ബാറ്റ് താരത്തിനുനേരെ വലിച്ചെറിഞ്ഞ് ക്രീസിലേക്ക് തന്നെ ഓടുന്നത്.
ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മഴ പലതവണ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡെക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 113 റൺസാക്കി ചുരുക്കിയിരുന്നു. ഡി.എൽ.എസ് പ്രകാരം മത്സരത്തിൽ അഫ്ഗാൻ മുന്നിട്ടുനിൽക്കുന്ന സന്ദർഭത്തിൽ അഫ്ഗാൻ പരിശീലകൻ മനപൂർവം കളി വൈകിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 12-ാം ഓവറിലാണ് സംഭവം. ബംഗ്ലാദേശ് ഈസമയം ഏഴു വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലായിരുന്നു.
മഴ തുള്ളിയിടാൻ തുടങ്ങിയതോടെ പരിശീലകന്‍ ജൊനാഥന്‍ ട്രോട്ട് അഫ്ഗാന്‍ താരമായ നയ്ബിനോട് വൈകിപ്പിക്കാനുള്ള ആംഗ്യം കാണിക്കുന്നതാണ് വിഡിയോയിലുള്ളത്. പിന്നാലെ ഗുല്‍ബാദിന്‍ നയിബ് കാലിൽ മസിൽ കയറിയെന്ന് പറഞ്ഞ് മൈതാനത്ത് കിടന്നു. മത്സരം മനപൂർവം വൈകിപ്പിക്കാനായിരുന്നു അഫ്ഗാൻ ശ്രമിച്ചതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.