ചെന്നൈ: രണ്ട് റൺസകലെ ഋതുരാജ് ഗെയ്ക്‍വാദിന് സെഞ്ച്വറി നഷ്ടമായ ഐ.പി.എൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഹൈദരാബാദ് സൺറൈസേഴ്സിന് 213 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, ഗെയ്ക്‍വാദിന്റെയും ഡാറിൽ മിച്ചലിന്റെയും അർധസെഞ്ച്വറികളുടെയും ശിവം ദുബെയുടെ വെടിക്കെട്ടിന്റെയും മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 212 റൺസ് അടിച്ചെടുത്തത്. 54 പന്തിൽ മൂന്ന് സിക്സും 10 ഫോറുമടക്കം 98ലെത്തിയ ഗെയ്ക്‍വാദിനെ നടരാജൻ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ നിതീഷ് കുമാർ റെഡ്ഡി പിടികൂടുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് മോശം ഫോമിലുള്ള അജിൻക്യ രഹാനെയെ തുടക്കത്തിലേ നഷ്ടമായി. 12 പന്തിൽ ഒമ്പത് റൺസ് മാത്രമെടുത്ത താരത്തെ ഭുവനേശ്വർ കുമാറിന്റെ പന്തിൽ ഷഹ്ബാസ് അഹ്മദ് പിടികൂടുകയായിരുന്നു. തുടർന്നെത്തിയ ഡാറിൽ മിച്ചലും ഗെയ്ക്‍വാദും ചേർന്ന് ചെന്നൈ ഇന്നിങ്സിന് മികച്ച അടിത്തറയിട്ടു. 32 പന്തിൽ ഒരു സിക്സും ഏഴ് ഫോറുമടക്കം 52ലെത്തിയ മിച്ചൽ ഉനദ്കട്ടിന്റെ പന്തിൽ നിതീഷ് കുമാർ റെഡ്ഡി പിടികൂടിയാണ് മടങ്ങിയത്. ഇരുവരും ചേർന്ന് 64 പന്തിൽ 107 റൺസ് ചേർത്താണ് വഴിപിരിഞ്ഞത്.
ശേഷമെത്തിയ ശിവം ദുബെ അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ സ്കോർ 200 കടന്നു. ദുബെ 20 പന്തിൽ നാല് സിക്സും ഒരു ഫോറുമടക്കം 39 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഗെയ്ക്‍വാദ് പുറത്തായ ശേഷമെത്തിയ എം.എസ് ധോണി രണ്ട് പന്തിൽ ഒരു ഫോറടക്കം അഞ്ച് റൺസുമായി കൂട്ടുനിന്നു. ചെന്നൈക്കായി ഭുവനേശ്വർ കുമാർ, ടി. നടരാജൻ, ജയദേവ് ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.