'ഹോങ്കോങ്ങിനെതിരായ പ്രകടനം വെച്ച് കോഹ്‍ലി ഫോമിലേക്ക് എത്തിയെന്ന് പറയാനാകില്ല' - ഗംഭീർ

ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറി നേടി തിരിച്ചുവരവിന്റെ സൂചന നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. ഏഷ്യാ കപ്പിൽ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ റൺവേട്ടയിലും (94) കോഹ്‍ലിയാണ് മുന്നിലുള്ളത്. 44 പന്തിൽ 59 റൺസെടുത്ത വിരാട്​ കോഹ്​ലിയും 26 പന്തിൽ 68 റൺസെടുത്ത സൂര്യകുമാർ യാദവുമായിരുന്നു ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ടീമിന് വിജയം സമ്മാനിച്ചത്.

എന്നാൽ, മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ കോഹ്‍ലിയുടെ ഫോമിന്റെ കാര്യത്തിൽ തൃപ്തനല്ല. അദ്ദേഹം അതിനുള്ള കാരണം വിശദീകരിക്കുകയും ചെയ്തു. ഹോങ്കോങ്ങിനെതിരായ പ്രകടനം മാത്രമെടുത്ത് കോഹ്‍ലിയോ അല്ലെങ്കിൽ മറ്റേതെങ്കിലും താരമോ ഫോമിലേക്ക് തിരിച്ചെത്തിയെന്ന് പറയാന്‍ കഴിയില്ലെന്ന് ഗംഭീർ പറഞ്ഞു.

''ഹോങ്കോങ്ങി​ന്റെ ദുര്‍ബലരായ ബൗളര്‍മാർക്കെതിരായ കോഹ്‍ലിയുടെ പ്രകടനത്തെ വിലയിരുത്തുന്നതില്‍ അർഥമില്ല. കോഹ്‍ലി ലോകോത്തര താരമാണ്. അതുപോലൊരു താരത്തിന്റെ തിരിച്ചുവരവ് അളക്കാന്‍ പറ്റിയ എതിരാളികളല്ല ഹോങ്കോങ്. എന്നാല്‍ റണ്‍സ് നേടാന്‍ കോഹ്‍ലിക്ക് കഴിഞ്ഞു. ഏത് എതിരാളിയായാലും എത്രനേരം ക്രീസില്‍ നില്‍ക്കുകയെന്നത് പ്രധാനമാണ്. വരുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.'' -ഗംഭീര്‍ പറഞ്ഞു.

''രോഹിതിനും രാഹുലിനും അര്‍ധസെഞ്ചുറി നേടാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ കോഹ്‍ലിക്ക് മാത്രമാണ് മുതലാക്കാനായത്. ഹോങ്കോങ്ങിന്റെ ബൗളിങ് ദുര്‍ബലമായിരുന്നു. ഇന്ത്യക്കിനി അഫ്ഗാനിസ്ഥാനോടും പാകിസ്താനോടും മത്സരമുണ്ട്. അപ്പോഴും കൂടുതല്‍ മികവോടെ കളിക്കാന്‍ കോഹ്‍ലിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം. ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ താരമെന്ന് നിലക്ക് ആ ഇന്നിങ്സ് കോഹ്‍ലിക്ക് അനിവാര്യമായിരുന്നു.''- ഗംഭീര്‍ കൂട്ടിചേര്‍ത്തു.

Tags:    
News Summary - Gambhirs blunt take on Kohlis fifty against Hong Kong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.