ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിക്കും സെക്രട്ടറിയായി ജയ് ഷാക്കും തുടരാവുന്ന ഭരണഘടന ഭേദഗതിക്ക് സുപ്രീംകോടതി അംഗീകാരം നൽകി. ഇതുപ്രകാരം നിർദിഷ്ട കാലയളവിനുശേഷം ഇരുവർക്കും പദവികളിൽ തുടരാനും ബി.സി.സി.ഐ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാവും. ഇതുസംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മുന്നോട്ടുവെച്ച പരിഷ്കാരങ്ങൾ സുപ്രീംകോടതി അംഗീകരിച്ചു. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തുനിന്ന് ബി.സി.സി.ഐയുടെ അമരത്തെത്തുന്നവർക്ക് തുടർച്ചയായ 12 വർഷം പദവിയിലിരിക്കാൻ കഴിയില്ലെന്നും ഇടവേളയെടുക്കണമെന്നും ഭരണഘടനയിലുണ്ട്. 'കൂളിങ് ഓഫ് പീരിയഡ്' എന്നാണ് ഈ ഇടവേളക്ക് പറയുന്നത്.
ഗാംഗുലിയുടെയും ജയ് ഷായുടെയും മൂന്നു വർഷ കാലാവധി ഈ മാസം ആദ്യം അവസാനിച്ചു. അതിനു മുമ്പ് ആറു വർഷം ഗാംഗുലി ബംഗാളിലും ജയ് ഷാ ഗുജറാത്തിലും സംസ്ഥാന അസോസിയേഷനുകളുടെ അമരത്തുണ്ടായിരുന്നു. തുടർച്ചയായ ഒമ്പതു കൊല്ലം പദവികൾ വഹിച്ച ഇരുവർക്കും തുടരാൻ ബി.സി.സി.ഐ ഭരണഘടന അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് ബി.സി.സി.ഐ ഭരണഘടനയില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി അധികൃതര്‍ സുപ്രീംകോടതിയിലെത്തിയത്. ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും ബി.സി.സി.ഐയില്‍ പരിഷ്‌കാരങ്ങള്‍ക്ക് ശിപാര്‍ശ ചെയ്തിരുന്നു. ക്രിക്കറ്റ് ബോർഡിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെ നിര്‍ദേശം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.