ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ പാകിസ്താൻ ഇന്ത്യയെ 10 വിക്കറിന് തോൽപ്പിച്ചതിന്‍റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. കളിയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല മിക്കപ്പോഴും ചർച്ചകൾക്ക് തിരികൊളുത്തിയത്. ഇന്ത്യ തോറ്റതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ പടക്കം പൊട്ടിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ തോൽവിയെ തുടർന്ന് പേസർ മുഹമ്മദ് ഷമി ക്രൂരമായ സൈബർ ആക്രമണത്തിന് വിധേയനായി. ഈ രണ്ട് വിഷയങ്ങളിലും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ ഓപണറും ലോക്സഭാംഗവുമായ ഗൗതം ഗംഭീർ.
പാക് വിജയത്തിൽ പടക്കം പൊട്ടിക്കുന്നവരെ ഇന്ത്യക്കാരെന്ന് വിളിക്കാൻ സാധിക്കില്ലെന്ന് ഗംഭീർ പറഞ്ഞു. 'ലജ്ജാകരം. നിങ്ങൾ ഈ രാജ്യത്ത് ജീവിക്കുന്നതിനാലാണ് ഇന്ത്യക്കാരൻ എന്ന് വിളിക്കപ്പെടുന്നത്. പക്ഷേ മറ്റൊരു രാജ്യം ജയിക്കുമ്പോഴോ പാകിസ്താൻ ജയിക്കുമ്പോഴോ നിങ്ങൾ പടക്കം പൊട്ടിക്കാൻ തുടങ്ങും. ഇത് തികച്ചും അസ്വീകാര്യമാണ്. പടക്കം പൊട്ടിച്ചവർക്ക് സ്വയം ഇന്ത്യക്കാരെന്ന് വിളിക്കാനാവില്ല' -ഗംഭീർ ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഒരു ടീം ഇനത്തിൽ ചില വ്യക്തികളെ ലക്ഷ്യം വെക്കുന്നത് വെറുപ്പുളവാക്കുന്നതായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും ഷമിക്കും നേരെ സോഷ്യൽ മീഡിയ അരങ്ങേറുന്ന അധിക്ഷേപങ്ങളെ കുറിച്ച് ഗംഭീർ അഭിപ്രായപ്പെട്ടു.
'നിങ്ങൾ ഒരു വ്യക്തിയെ ലക്ഷ്യം വെക്കുന്നത് തികച്ചും വെറുപ്പുളവാക്കുന്നു. അവൻ ക്യാപ്റ്റൻ ആയാലും അല്ലെങ്കിൽ മറ്റൊരു സമുദായത്തിൽ നിന്നുള്ള ആളായാലും ആത്യന്തികമായി അതൊരു ടീമാണ്, അതൊരു രാഷ്ട്രമാണ്. കോഹ്‌ലിയെയും ഷമിയെയും പോലുള്ള കളിക്കാർ രാജ്യത്തിന് വേണ്ടി നിരവധി അതുല്യമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നമ്മളെ നിരവധി മത്സരങ്ങൾ വിജയിപ്പിച്ചിട്ടുണ്ട്. അവർ രാജ്യത്തിന്‍റെ അഭിമാനമാണ്' -ഗംഭീർ പറഞ്ഞു.
ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനോട് തോറ്റതിന്‍റെ എല്ലാ പഴിയും കേട്ടത് പേസർ മുഹമ്മദ് ഷമിക്കായിരുന്നു. തോൽവിയിൽ ടീമിന് മൊത്തം ഉത്തരവാദിത്തം ഉണ്ടായിരുന്നിട്ടും ഷമിക്ക് നേരെ മാത്രമായിരുന്നു സൈബർ ആക്രമണം. ഷമിയെ രാജ്യദ്രോഹി എന്ന തരത്തിൽ ചിത്രീകരിക്കുന്ന ട്രോളുകൾ ചിലർ സോഷ്യൽ മീഡിയയിൽ പടച്ചുവിട്ടു.
ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാക് ഓപണർമാർ അടിച്ചെടുക്കുകയായിരുന്നു. 3.5 ഓവറിൽ 44 റൺസ് വഴങ്ങി ഷമി നിറംമങ്ങിയ ദിനമായിരുന്നു ഞായറാഴ്ച.
ടീം ഒന്നടങ്കം ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുത്തതെങ്കിലും ട്രോളൻമാർ ലക്ഷ്യം വെച്ചത് ഷമിയെയായിരുന്നു. എന്നാൽ വിദ്വേഷ പോസ്റ്റുകൾ വന്നതിന് പിന്നാലെ നിരവധി ആരാധകരും സചിൻ ടെണ്ടുൽക്കർ, വീരേന്ദർ സേവാഗ്, ഇർഫാൻ പത്താൻ, ഹർഭജൻ സിങ് എന്നിവരടക്കമുള്ള താരങ്ങളും ഷമിക്ക് പിന്തുണയുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.