കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററായ ഗൗതം ഗംഭീർ ഉടൻ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി സ്ഥാനമേൽക്കുമെന്ന് റിപ്പോർട്ട്. കൊല്‍ക്കത്തയോട് വിട പറയുന്നതിന്‍റെ ഭാഗമായ യാത്രയയപ്പ് വിഡിയോ ചിത്രീകരിക്കാനായി ഗംഭീര്‍ വെള്ളിയാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയിരുന്നു. ഇതോടെയാണ് ഗംഭീര്‍ തന്നെ ഇന്ത്യൻ കോച്ചാവുമെന്ന അഭ്യൂഹം ശക്തമായത്.
അതേസമയം, ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് ബി.സി.സി.ഐയും ഗംഭീറും തമ്മിൽ ചില കാര്യങ്ങളിൽ ധാരണയാവാത്തതിനാലാണെന്നാണ് റിപ്പോർട്ട്. ശമ്പളം സംബന്ധിച്ച് ഗംഭീറും ബി.സി.സി.ഐയും തമ്മിൽ വിലപേശൽ നടക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് ‘ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 12 കോടി രൂപയായിരുന്നു രാഹുൽ ദ്രാവിഡിന്റെ വാർഷിക പ്രതിഫലം. ഇതിനേക്കാൾ കൂടുതൽ ഗംഭീർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അടുത്ത ശ്രീലങ്കൻ പര്യടനത്തോടെ പുതിയ പരിശീലകൻ ചുമതലയേൽക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജെയ്ഷാ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കാലാവധി പൂർത്തിയാക്കിയ ബാറ്റിങ് കോച്ച് വിക്രം രാത്തോർ, ബൗളിങ് കോച്ച് പരസ് മാംബ്രെ, ഫീല്‍ഡിങ് കോച്ച് ടി. ദിലീപ് എന്നിവരുടെ പകരക്കാർക്കായി ബി.സി.സി.ഐ വൈകാതെ അപേക്ഷ ക്ഷണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. താന്‍ നിര്‍ദേശിക്കുന്നരെ സപ്പോര്‍ട്ട് സ്റ്റാഫായി നിയമിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2027 ഏകദിന ലോകകപ്പ് വരെയാകും ഇന്ത്യൻ ടീമിന്റെ പരിശീലക വേഷത്തിൽ ഗംഭീര്‍ ഉണ്ടാവുക. പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ട്വന്റി 20 ലോകകപ്പോടെ പൂർത്തിയായിരുന്നു. ലോകകപ്പിന് പിന്നാലെ ആരംഭിച്ച സിംബാബ്‌വെ പര്യടനത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷൻ വി.വി.എസ് ലക്ഷ്മണാണ് താല്‍ക്കാലിക പരിശീലകനായി ടീമിനൊപ്പം പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.