'മൂന്നു മാസമല്ല, മൂന്നു വർഷം'; സെഞ്ച്വറി നേട്ടത്തിനു പിന്നാലെ വിരാട് കോഹ്ലിയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം

രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് രാജ്യാന്തര ക്രിക്കറ്റിൽ സൂപ്പർതാരം വിരാട് കോഹ്ലി ഒരു സെഞ്ച്വറി നേടുന്നത്. അതും ട്വന്‍റി20 ക്രിക്കറ്റിലെ താരത്തിന്‍റെ കന്നി സെഞ്ച്വറി.

കരിയറിലെ തന്‍റെ 71ാമത്തെ സെഞ്ച്വറിക്കായി താരം കാത്തിരുന്നത് 1020 ദിവസങ്ങൾ. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെയാണ് സൂപ്പർതാരം അവസാനമായി സെഞ്ച്വറി നേടിയത്. താരത്തിന്‍റെ ഫോമില്ലായ്മയെ വിമർശിക്കുന്ന മുൻ താരങ്ങളുടെ വായടപ്പിക്കുന്ന പ്രകടനമാണ് കോഹ്ലി ടൂർണമെന്‍റിൽ പുറത്തെടുത്തത്. 61 പന്തിൽ 122 റൺസെടുത്ത് താരം മത്സരത്തിൽ പുറത്താകാതെ നിന്നു. 14 ഫോറുകളും ആറു സിക്സറുകളും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്.

 എന്നാൽ, താരത്തിന്‍റെ സെഞ്ച്വറി നേട്ടത്തെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് മുൻതാരം ഗൗതം ഗംഭീർ. മൂന്ന് വർഷങ്ങൾ സെഞ്ച്വറി നേടാതെ ഒരു താരവും ക്രിക്കറ്റിൽ അതിജീവിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു അതിജീവനം വിരാട് കോഹ്ലിക്ക് മാത്രമായിരിക്കുമെന്നും കഴിഞ്ഞകാലങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രകടനം കാരണമാണിതെന്നും ഗംഭീർ പറഞ്ഞു.

'മൂന്നു മാസമല്ല, മൂന്നു വർഷങ്ങളെടുത്തെന്ന യാഥാർഥ്യം നിങ്ങൾ മനസ്സിലാക്കണം. വളരെ നീണ്ടതാണ് മൂന്നു വർഷങ്ങൾ. ഞാൻ അദ്ദേഹത്തെ വിമർശിക്കുകയല്ല, കഴിഞ്ഞകാലങ്ങളിൽ അദ്ദേഹം നടത്തിയ പ്രകടനം ഒന്നു കൊണ്ടുമാത്രമാണ് ഇതെന്ന് അദ്ദേഹം അറിഞ്ഞിരിക്കണം. രാജ്യാന്തര ക്രിക്കറ്റിൽ മൂന്നു വർഷം സെഞ്ച്വറി നേടാത്ത ഒരു യുവ താരവും ടീമിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല' -ഗംഭീർ സ്റ്റാർ സ്പോർട്സിനോട് പ്രതികരിച്ചു.

നായകൻ രോഹിത്ത് ശർമക്ക് വിശ്രമം അനുവദിച്ചതിനാൽ കെ.എൽ. രാഹുലാണ് അഫ്ഗാനെതിരെ ടീമിനെ നയിച്ചത്. രാഹുലും കോഹ്ലിയും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്.

Tags:    
News Summary - Gautam Gambhir Continues Assault On Virat Kohli 2 Days After His Ton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.