‘പോണ്ടിങ് ആസ്ട്രേലിയയുടെ കാര്യം നോക്കിയാൽ മതി’; കോഹ്‌ലിയെ വിമർശിച്ചതിന് ഗംഭീറിന്റെ മറുപടി

മുംബൈ: സീനിയർ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരുടെ ഫോമിനെ ചോദ്യം ചെയ്ത ആസ്ട്രേലിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന് മറുപടിയുമായി ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റിൽ പോണ്ടിങ്ങിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം ആസ്ട്രേലിയൻ ക്രിക്കറ്റിൽ ശ്രദ്ധിച്ചാൽ മതി എന്നും ഗംഭീർ തുറന്നടിച്ചു. ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെന്റ് വരാനിരിക്കെ മുംബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു ഗംഭീറിന്റെ പ്രതികരണം.

“ഇന്ത്യൻ ക്രിക്കറ്റിൽ പോണ്ടിങ്ങിന് എന്താണ് ചെയ്യാനുള്ളത്? വിരാടിന്റെയും രോഹിത്തിന്റെയും ഫോമിൽ ആശങ്കപ്പെടുന്നതിനേക്കാൾ അദ്ദേഹം ആസ്ട്രേലിയൻ ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കുകയാണ് വേണ്ടതെന്ന് എനിക്ക് തോന്നുന്നു. രോഹിത്തും വിരാടും അസാമാന്യ പ്രതിഭകളാണ്. ഇന്ത്യൻ ക്രിക്കറ്റിനു വേണ്ടി അവർ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി. തുടർന്നും അവരത് നേടിക്കൊണ്ടിരിക്കും. അതിനായുള്ള കഠിന പരിശീലനത്തിലാണ് ഇരുവരും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ പരമ്പര നഷ്ടമായെങ്കിലും തിരിച്ചുവരാനുള്ള ആത്മാർഥമായ ശ്രമത്തിലാണ് രോഹിത്തും വിരാടും” -ഗംഭീർ പറഞ്ഞു.

നേരത്തെ ഇന്ത്യയുടെ ടോപ് ഓർഡറിനെ രൂക്ഷമായി വിമർശിച്ച പോണ്ടിങ്, വിരാട് കോഹ്‌ലി ഫോം ഔട്ടാണെന്നും ഇത്രയും മോശം ഫോമിലുള്ള ഒരു താരം മറ്റൊരു ടീമിലും ടോപ് ഓർഡറിൽ ഉണ്ടാകില്ലെന്നും വിമർശിച്ചു. “കോഹ്‌ലിയുടെ സമീപകാല പ്രകടങ്ങളുമായി ബന്ധപ്പെട്ട കണക്ക് ഞാൻ കണ്ടിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അദ്ദേഹം രണ്ടോ മൂന്നോ സെഞ്ച്വറികൾ മാത്രമാണ് നേടിയത്. അത് ശരിയായ കണക്കാണെങ്കിൽ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇത്രയും മോശം പ്രകടനമുള്ള മറ്റൊരു ടോപ് ഓർഡർ ബാറ്റർ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നതായി കണ്ടിട്ടില്ല” -പോണ്ടിങ് പറഞ്ഞു.

അതേസമയം രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന ക്യാപ്റ്റൻ രോഹിത് ആസ്ട്രേലിയയിലേക്ക് പറക്കുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ രോഹിത്തിന്റെ അഭാവമുണ്ടായാലും ഓസീസിനെ നേരിടാൻ സജ്ജമായാണ് ടീം അവിടേക്ക് തിരിക്കുന്നതെന്ന് ഗംഭീർ വ്യക്തമാക്കി. ഓപണറുടെ റോളിൽ യുവതാരത്തിന് അവസരം നൽകിയേക്കുമെന്നും ഗംഭീർ സൂചിപ്പിച്ചു.

Tags:    
News Summary - Gautam Gambhir Gives Ricky Ponting Befitting Reply On Remarks Over Virat Kohli's Form

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.