കുട്ടിക്രിക്കറ്റിന്‍റെ ലോക മാമാങ്കത്തിൽ സൂപ്പർ പോരാട്ടങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. 12 ടീമുകൾ രണ്ടു ഗ്രൂപുകളായി തിരിഞ്ഞാണ് മത്സരം. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മത്സരത്തിനു മുന്നോടിയായി മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ തന്‍റെ ഇഷ്ട പ്ലയിങ് ഇലവനെ കുറിച്ച് വെളിപ്പെടുത്തി. പാകിസ്താനെതിരെയുള്ള വിജയത്തിനപ്പുറം, ലോക കിരീടം നേടുക എന്നതായിരിക്കണം ഇന്ത്യയുടെ ആത്യന്തിക ലക്ഷ്യമെന്നും താരം പറയുന്നു. ദിനേഷ് കാർത്തിക്കിന് പകരം ഋഷഭ് പന്തിന് അവസരം നൽകുമെന്ന് താരം പറയുന്നു. ദിനേഷ് ഒരു മത്സരത്തിൽ 10-12 പന്തുകൾ മാത്രമാണ് കളിക്കുന്നത്.
എന്നാൽ, പന്തിനെ ഏത് ഓർഡറിലും കളിപ്പിക്കാനാകും. ടീമിന്‍റെ മുൻനിര വിക്കറ്റുകൾ വേഗത്തിൽ നഷ്ടപ്പെടുകയാണെങ്കിൽ പന്തിനെ നേരത്തെ കളത്തിലിറക്കാനാകും. ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ നാലു ഫാസ്റ്റ് ബൗളർമാരെ ടീമിൽ ഉൾപ്പെടുത്തും. മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ എന്നിവരാണ് മറ്റു ബൗളർമാർ. സീനിയർ താരം രവിചന്ദ്രൻ അശ്വിനു പകരം സ്പിന്നർമാരായി അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ എന്നിവരാണ് ഗംഭീറിന്‍റെ ടീമിലുണ്ടാകുക.
നായകൻ രോഹിത് ശർമ, കെ.എൽ. രാഹുൽ എന്നിവർ ഓപ്പണിങ് ബാറ്റർമാരായി ഇറങ്ങും. വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് ബാക്കിയുള്ള ബാറ്റർമാർ.
രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.