അബൂദബി: ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക എന്നതിനേക്കാൾ വലിയ ബഹുമതിയില്ലെന്ന് മുൻ ഇന്ത്യൻതാരവും എം.പിയുമായ ഗൗതം ഗംഭീർ.
അബൂദബിയിൽ ഡോ. ഷംഷീർ വയലിലിന്‍റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സിന്‍റെ മെഡിയോർ ഹോസ്പിറ്റലിൽ വിവിധ സ്പോർട്സ് അക്കാദമികളിൽ നിന്നുള്ള വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഏറ്റവും ശക്തമായി ഉയർന്ന് കേൾക്കുന്ന പേര് ഗംഭീറിന്റെതാണ്. അതിനിടെയാണ് കുട്ടികളുമായുള്ള സംവാദത്തിനിടെ താരത്തിന്‍റെ ആദ്യ പ്രതികരണം. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമ്പോൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും ഗംഭീർ പ്രതികരിച്ചു. ഇന്ത്യ ലോകകപ്പ് നേടാൻ മൈതാനത്തിനു അകത്തും പുറത്തുമുള്ള എല്ലാവരുടെയും കൂട്ട പരിശ്രമം ആവശ്യമാണ്.
യു.എ.ഇയിൽ വ്യക്തിപരമായ സന്ദർശനത്തിനെത്തിയ ക്രിക്കറ്റ് താരം, മെഡിയോർ ഹോസ്പിറ്റലിലെ സ്‌പോർട്‌സ് മെഡിസിൻ ഡിപ്പാർട്ട്‌മെന്‍റ് സന്ദർശിച്ച് ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് വിദഗ്ധരുമായി സംവദിച്ചു. കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മെഡിയോർ ഹോസ്പിറ്റലിലെ സമഗ്രമായ സ്‌പോർട്‌സ് മെഡിസിൻ സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയുടെ ഭാഗമായിരുന്നു ഗംഭീറുമായുള്ള ആശയവിനിമയം. ബുർജീൽ ഹോൾഡിങ്‌സിന്‍റെ ഗ്രൂപ്പ് സി.ഒ.ഒ സഫീർ അഹമ്മദ്, സ്‌പോർട് മെഡിസിൻ വിദഗ്ദൻ ഷിബു വർഗീസ് തുടങ്ങിയവർ ഗംഭീറിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.