മുംബൈ: നീണ്ടകാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് തകർപ്പൻ സെഞ്ച്വറിയുമായി തിരിച്ചുവരവ് ആഘോഷമാക്കിയ മുൻ നായകൻ വിരാട് കോഹ്ലിക്കെതിരെ പ്രതികരണവുമായി മുൻ താരം ഗൗതം ഗംഭീർ. ഇത്ര ദീർഘകാലം മോശം ഫോമിൽ നിന്നിട്ടും കോഹ്ലി മാത്രമാണ് പുറത്താകാതെ പിടിച്ചുനിന്നതെന്നും പ്രമുഖരെല്ലാം ടീമിൽനിന്ന് മാറ്റിനിർത്തപ്പെട്ടവരാണെന്നും ഗംഭീർ പറഞ്ഞു. 2019 നവംബർ 23ന് കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെയായിരുന്നു ഇതിനുമുമ്പ് കോഹ്ലി അവസാനം സെഞ്ച്വറി തൊട്ടത്. അതുകഴിഞ്ഞ് 83 ഇന്നിങ്സ് കളിച്ചിട്ടും മൂന്നക്കം കടക്കാനാവാതെ താരം ഉഴറി. ഈ വർഷവും വരൾച്ചതന്നെയെന്നു തോന്നിച്ച ഘട്ടത്തിലാണ് അഫ്ഗാനിസ്താനെതിരെ വീണ്ടും സെഞ്ച്വറി നിറവിലെത്തിയത്.
''മൂന്നു വർഷമെന്നത് വല്ലാതെ ദീർഘമായ കാലമാണ്. മൂന്നു മാസമല്ല അത്. താരത്തെ വിമർശിക്കുകയല്ല. എന്നാൽ, മുമ്പ് കൈയെത്തിപ്പിടിച്ച റണ്ണുകളുടെ കൂമ്പാരമാണ് അദ്ദേഹത്തെ സഹായിച്ചത്. എന്നാലും, സത്യസന്ധമായി പറഞ്ഞാൽ മൂന്നുവർഷം ഇങ്ങനെ പിടിച്ചുനിൽക്കാൻ മറ്റൊരാൾക്കാകുമായിരുന്നില്ല. അശ്വിൻ, രഹാനെ, രോഹിത് ശർമ, കെ.എൽ. രാഹുൽ തുടങ്ങിയവരെല്ലാം മോശം ഫോമിന്റെ പേരിൽ പുറത്തുനിർത്തപ്പെട്ടവരാണ്. മൂന്നു വർഷം സെഞ്ച്വറി അടിക്കാതെ പിടിച്ചുനിന്ന ഒരാളെ പോലും എനിക്കറിയില്ല'' -ഗംഭീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.