ചെപ്പോക്ക് മൈതാനത്ത് ലഖ്നോക്കെതിരെ ചെന്നൈ നടത്തിയത് മാസ്മരിക പ്രകടനമായിരുന്നു. ഋതുരാജ് ഗെയ്ക്‍വാദ് തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയതിനൊപ്പം ഡെവൺ കോൺവെ, മുഈൻ അലി എന്നിവരും മുന്നിൽനിന്നപ്പോൾ ലഖ്നോയുടെ പേരുകേട്ട നിരക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആദ്യ കളിയിൽ 92 അടിച്ച ഋതുരാജ് ഇന്നലെ 31 പന്തിൽ 57 റൺസാണ് നേടിയത്. ബൗളിങ്ങിൽ മുഈൻ അലി 26 റൺസ് വിട്ടുനൽകി നാലു വിലപ്പെട്ട വിക്കറ്റുകളും വീഴ്ത്തി. എന്നാൽ, ചെന്നൈ ബാറ്റിങ്ങിന്റെ അവസാന ഓവറിൽ ധോണിയുടെ വരവാണ് ചെന്നൈ സ്റ്റേഡിയം ശരിക്കും ആഘോഷമാക്കിയത്. ഇംഗ്ലീഷ് ബൗളർ മാർക് വുഡ് എറിഞ്ഞ ആദ്യ രണ്ടു പന്തും മൈതാനത്തിന്റെ ഇരുവശത്തേക്കും പറത്തിയായിരുന്നു ധോണിയുടെ വരവ്. ഒന്നാം സിക്സർ കണ്ട് അമ്പരന്ന ലഖ്നോ ഒഫീഷ്യലായ ഗൗതം ഗംഭീർ തൊട്ടുപിറകെ അതിനെക്കാൾ പൊക്കത്തിൽ പന്ത് ഗാലറിയിലേക്ക് പറക്കുന്നതുകൂടി കണ്ടതോടെ ശരിക്കും മുഖംവാടി. ഇതിന്റെ ചിത്രം സമൂഹ മാധ്യമത്തിലെത്തിയതോടെ ഗംഭീറിനെതിരെ ട്രോളുകളുടെ ഒഴുക്ക് തന്നെ കണ്ടു. അർധരാത്രിയിൽ രണ്ടു ദിവസങ്ങളിലായി നടന്ന രണ്ടു സിക്സറുകൾ താരത്തിന് മൂന്ന് ഏപ്രിൽ ഫുൾ സമ്മാനിച്ചെന്നായിരുന്നു ഒരു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.