ട്വന്‍റി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ക്രിസ് ഗെയിൽ; ഞെട്ടിത്തരിച്ച് ആരാധകർ

ആസ്ട്രേലിയ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ 16ന് ശ്രീലങ്കയും നമീബിയയും തമ്മിലാണ് ഉദ്ഘാടന മത്സരം. 12 ടീമുകളാണ് പങ്കെടുക്കുന്നത്. 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇതിനകം തന്നെ നിരവധി മുൻ താരങ്ങൾ ടൂർണമെന്‍റിലെ ഫൈനലിസ്റ്റുകളെയും ആര് കിരീടം ചൂടുമെന്നും പ്രവചിച്ച് രംഗത്തുവന്നിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താൻ ടീമുകളെല്ലാം കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളാണ്. എന്നാൽ, വെസ്റ്റിൻഡീസിന്‍റെ മുൻ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിലിന്‍റെ പ്രവചനമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ടൂർണമെന്‍റിന്‍റെ കലാശപ്പോരിൽ ആതിഥേയരായ ആസ്ട്രേലിയയും വെസ്റ്റിൻഡീസും ഏറ്റുമുട്ടുമെന്നാണ് ഗെയിലിന്‍റെ പ്രവചനം. 'വെസ്റ്റിൻഡീസും ആസ്‌ട്രേലിയയും തമ്മിൽ ഫൈനൽ മത്സരം നടക്കുമെന്ന് ഞാൻ കരുതുന്നു' -ഗെയിൽ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ട്വന്‍റി20 സ്പെഷലിസ്റ്റ് ബാറ്റർമാരുടെ അഭാവത്തിൽ വിൻഡീസിന്‍റെ മുന്നോട്ടുള്ള പ്രയാണം കടുപ്പമേറിയതാകുമെന്നും താരം തന്നെ വ്യക്തമാക്കുന്നു.

വെസ്റ്റിൻഡീസിന് ഇത് വളരെ പ്രയാസം നിറഞ്ഞതാകും. ടീമിന്‍റെ നായകൻ പുതിയതാണ്. കീരൺ പൊള്ളാർഡ്, റസ്സൽ, ബ്രാവോ ഉൾപ്പെടെയുള്ളവർ ടീമിലില്ലെന്നും ഗെയിൽ പറയുന്നു. വെസ്റ്റിൻഡീസ് ഒരു 'അപകടകരമായ ടീമാണ്', മത്സരങ്ങളിൽ ശരിയായ തന്ത്രങ്ങൾ നടപ്പാക്കുന്നതിലൂടെ കാര്യങ്ങൾ അവർക്ക് അനുകൂലമാകുമെന്നും താരം വിശ്വസിക്കുന്നു.

ഫൈനൽ ടീമുകളിലൊന്നായി വിൻഡീസിനെ പ്രവചിച്ചതാണ് ആരാധകരെ ഞെട്ടിപ്പിച്ചത്. നിലവിൽ സൂപ്പർ 12 സ്റ്റേജിലേക്ക് പോലും അവർ യോഗ്യത നേടിയിട്ടില്ല. അയർലൻഡ്, സ്കോട്ട്ലൻഡ്, സിംബാബ്വെ ടീമുകൾ ഉൾപ്പെടുന്ന ബി ഗ്രൂപ്പിൽ പ്ലേ ഓഫ് കളിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയാൽ മാത്രമേ അവർക്ക് ടൂർണമെന്‍റിലേക്ക് യോഗ്യത നേടാനാകു.

വെസ്റ്റിൻഡീസിനേക്കാൾ അയർലൻഡിനെയും അഫ്ഗാനിസ്ഥാനെയും വിശ്വസിക്കാമെന്ന് ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. വിൻഡീസ് ഫൈനലിലെത്തുമെന്നത് വല്ലാത്തൊരു പ്രവചനമായെന്ന് മറ്റൊരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Gayle's bold prediction for T20 World Cup finalists leaves fans stunned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.