ആ ജർമൻ യുവതി ആര്?; വോണിന്റെ മൃതദേഹം കാണാൻ ആംബുലൻസിലെത്തിയ അജ്ഞാതയെ ചോദ്യം ചെയ്ത് പൊലീസ്

ബാങ്കോക്ക്: കായിക ലോകത്തെ ഞെട്ടിച്ചാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ കഴിഞ്ഞ ദിവസം അന്തരിച്ചത്. തായ്‍ലൻഡിൽ അവധി ആഘോഷിക്കാനെത്തിയ വോണിനെ വില്ലയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിലയിരുത്തൽ.

എന്നാൽ ഇതിഹാസ താരം മരിച്ച് മൂന്ന് ദിവസത്തിന് ശേഷം ഒരു ജർമൻ യുവതിയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. ഷെയ്ൻ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലൻസിൽ 'അജ്ഞാത'യായ ജർമൻ യുവതി ദുരൂഹമായി പ്രവേശിച്ചതിൽ സുരക്ഷ വീഴ്ച സംഭവിച്ചതായാണ് ആരോപണം.

ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ജർമൻ യുവതിയെ തായ്‌ലൻഡ് പൊലീസ് ചോദ്യം ചെയ്തു. വോണിന്റെ മൃതദേഹം കൊ സമുയി ദ്വീപിലെ ആശുപത്രിയിൽ നിന്നും സുറത് തനി നഗരത്തിലേക്കു കൊണ്ടുപോകുമ്പോഴാണ് ജർമൻ‌ യുവതി ആംബുലൻസിൽ പ്രവേശിച്ചത്.

വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലൻസ് ജങ്കാറിൽ കയറ്റാൻ നിർത്തിയിട്ടപ്പോഴായിരുന്നു സംഭവം. പൂക്കളുമായെത്തിയ യുവതി 40 സെക്കൻഡോളം സമയം വാനിലുള്ളിലുണ്ടായിരുന്നു. വോണിനെ യുവതിക്ക് വ്യക്തിപരമായി അറിയാമെന്ന് തായ്‌ലൻഡ് അധികൃതരോട് പറഞ്ഞിരുന്നുവെന്നും അതിനാൽ അന്തിമോപചാരം അർപ്പിക്കാൻ അവൾക്ക് അവസരം നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.

ജർമൻ യുവതി പ്രാദേശിക ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുമായി ആശയവിനിമയം നടത്തുന്നത് കേൾക്കാമായിരുന്നു. 'അതെ, അവൾക്ക് വോണിനെ അറിയാം' എന്ന് അവിടെയുണ്ടായിരുന്ന സ്ത്രീ ഇംഗ്ലീഷിൽ പറയുന്നത് കേൾക്കാം.

സംഭവം വിവാദമായതോടെ ഫെറിയിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിന് സമീപം നാട്ടുകാരോ ആസ്‌ട്രേലിയൻ അല്ലെങ്കിൽ തായ് പൊലീസ് ഉദ്യോഗസ്ഥരോ എന്തുകൊണ്ട് ഉണ്ടായില്ലെന്ന് ചോദ്യം ഉയർന്നു.

തായ്‍ലൻഡിൽ പുറപ്പെടുന്നതിന് മുമ്പ് ഷെയ്ൻ വോൺ കഠിനമായ ഡയറ്റിലായിരുന്നുവെന്ന് മാനേജർ വെളിപ്പെടുത്തിയിരുന്നു. രണ്ടാഴ്ച ദ്രാവകം മാത്രമുള്ള ഭക്ഷണക്രമം സ്വീകരിച്ച വോണിന് നെഞ്ചുവേദനയും അമിത വിയർപ്പ് അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരു​ന്നെന്ന് മാനേജർ ജെയിംസ് എസ്കിൻ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കായിക ലോകത്തെ ഞെട്ടിച്ച് 52കാരനായ വോണിന്റെ വിടവാങ്ങൽ. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിലയിരുത്തൽ. 'അദ്ദേഹം ഇത്തരം പരിഹാസ്യമായ ഭക്ഷണക്രമങ്ങളിൽ ഏർപ്പെടുകയും ഒരെണ്ണം പൂർത്തിയാക്കുകയും ചെയ്തു. അവിടെ അദ്ദേഹം 14 ദിവസത്തേക്ക് ദ്രാവകങ്ങൾ മാത്രം കഴിച്ചു. ഇത് മൂന്നോ നാലോ തവണ ചെയ്തു' എസ്കിൻ നയൻ നെറ്റ്‍വർക്കിനോട് പററഞ്ഞു.

'അവൻ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പുകവലിച്ചിരുന്നു. എനിക്കറിയില്ല, വലിയ ഹൃദയാഘാതം മാത്രമാണ് കാരണമെന്ന് ഞാൻ കരുതുന്നു'- എസ്കിൻ കൂട്ടിച്ചേർത്തു. വോണിന്റെ മരണത്തിൽ അസ്വാഭാവികതകൾ ഇല്ലെന്ന് തായ് പൊലീസ് അറിയിച്ചിരുന്നു. മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യവാനായിരുന്ന കാലത്തെ ചിത്രം പങ്കുവെച്ച വോൺ ഭാരം കുറക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. തായ്‌ലൻഡിലെ കോ സാമുയിയിൽ സുഹൃത്തുക്കളോടൊപ്പം അവധി ആഋഘാഷിക്കാൻ പോയതായിരുന്നു വോൺ. സുഹൃത്തുക്കളിൽ ഒരാളാണ് വില്ലയിൽ ബോധരഹിതനായ നിലയിൽ താരത്തെ കണ്ടെത്തിയത്.

ലെഗ് സ്പിൻ കൊണ്ട് ​ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമായിരുന്നു ഷെയ്ൻ വോൺ. ആസ്ട്രേലിയക്കായി 145 ടെസ്റ്റിൽനിന്ന് 708 വിക്കറ്റുകൾ നേടി. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ മുത്തയ്യ മുരളീധരന് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. കളിക്കളത്തിനകത്തും പുറത്തും ഉജ്ജ്വല വ്യക്തിത്വമുള്ള വോൺ കമന്റേറ്റർ എന്ന നിലയിലും വിജയം കണ്ടെത്തി. മത്സരങ്ങൾ കൃത്യമായി വിശകലനം ചെയ്യുന്ന വിദഗ്ധരിൽ ഒരാളായി അദ്ദേഹം പരിഗണിക്കപ്പെട്ടു.


Full View


Tags:    
News Summary - German woman entered ambulance carrying Shane Warne’s corpse Thai police interrogated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.