‘അവനെ സിനിമയിലെടുക്കണം’; റിസ്‍വാന്റെ പരിക്കിനെ പരിഹസിച്ച് കമന്റേറ്റർ സൈമൺ ഡൗൾ, ചേരിതിരിഞ്ഞ് ആരാധകർ

ഹൈദരാബാദ്: ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ പാകിസ്താൻ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്‍വാൻ പേശിവലിവ് കാരണം പലതവണ ക്രീസിൽ കിടന്ന് മെഡിക്കൽ സംഘത്തിന്റെ സഹായം തേടിയതും വേദന വകവെക്കാതെ സെഞ്ച്വറിയടിച്ച് ടീമിനെ വിജയത്തിലെത്തിച്ചതും ക്രിക്കറ്റ് ആരാധകരുടെ പ്രശംസക്കിടയാക്കിയിരുന്നു. വേദനാ സംഹാരികളെയടക്കം ആശ്രയിച്ചാണ് താരം ക്രീസിൽ തുടർന്നത്. ശ്രീലങ്കൻ താരം സദീര സമരവിക്രമ റിസ്‍വാനെ സഹായിക്കുന്നതും കാണാമായിരുന്നു.

റിസ്‍വാന്റേത് അഭിനയമാണെന്ന രീതിയിൽ ‘അവനെ സിനിമയിലെടുക്കണ’മെന്ന് പരിഹസിച്ച കമന്റേറ്ററും മുൻ ന്യൂസിലാൻഡ് താരവുമായ സൈമൺ ഡൗളിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഉയർത്തുന്നത്. മുൻ ആസ്ട്രേലിയൻ ഓപണർ മാത്യു ഹെയ്ഡനൊപ്പം കമന്ററി ബോക്സിലി​രിക്കെയായിരുന്നു പരിഹാസച്ചിരിയോടെയുള്ള സൈമൺ ഡൗളിന്റെ പരാമർശം. ‘പാകിസ്താൻ വിക്കറ്റ് കീപ്പർ-ബാറ്ററോടുള്ള ബഹുമാനം കൊണ്ടാണ് താൻ ചിരിച്ചതെന്ന് ഡൗൾ പിന്നീട് വിശദീകരിച്ചെങ്കിലും ആരാധകർ അദ്ദേഹത്തെ വിട്ടിട്ടില്ല. ‘ഇത് മുമ്പും കണ്ടിട്ടുള്ളതാണ്, പുതുതായി ഒന്നുമില്ല’ എന്ന് മുൻ പാക് താരവും കമന്റേറ്ററുമായ വഖാർ യൂനുസും അഭിപ്രായപ്പെട്ടിരുന്നു.

റിസ്‍വാനെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ രംഗത്തുവന്നത്. ‘ഈ വേദന എന്നും ഓർക്കപ്പെടും, ഈ പ്രകടനം എന്നും ഓർക്കപ്പെടും, മുഹമ്മദ് റിസ്‍വാൻ എന്ന പേരും എന്നും ഓർക്കപ്പെടും’ എന്നായിരുന്നു പ്രതികരണങ്ങളിലൊന്ന്. അതേസമയം, റിസ്‍വാന്റേത് ഒന്നാന്തരം അഭിനയമാണെന്ന വാദമാണ് പലരും ഉയർത്തുന്നത്.

സൈമൺ ഡൗളിന്റെ പരാമർശത്തെ കുറിച്ച് മത്സരശേഷം മാധ്യമപ്രവർത്തകർ റിസ്‍വാനോട് ചോദിച്ചപ്പോൾ ‘ചിലസമയത്ത് വേദനയും മറ്റു ചിലപ്പോൾ അഭിനയവുമായിരുന്നു’ എന്നായിരുന്നു പൊട്ടിച്ചിരിച്ചുകൊണ്ടുള്ള താരത്തിന്റെ മറുപടി. മത്സരത്തിൽ ശ്രീലങ്ക മുന്നോട്ടുവെച്ച 345 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ലോകകപ്പിലെ എറ്റവും വലിയ റൺ ചേസിങ് റെക്കോഡ് പാകിസ്താനെ സ്വന്തമാക്കാൻ സഹായിച്ചത് മുഹമ്മദ് റിസ്‍വാന്റെയും അബ്ദുല്ല ഷഫീഖിന്റെയും തകർപ്പൻ സെഞ്ച്വറികളായിരുന്നു.  

Tags:    
News Summary - 'Get him in the movies'; Commentator Simon Doull on 'Air' who mocked Rizwan's injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.