സെഞ്ച്വറിയുമായി നിറഞ്ഞാടി ഗില്ലും സായിയും; ചെന്നൈക്ക് 232 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: റെക്കോഡ് ഓപണിങ് കൂട്ടുകെട്ടുയർത്തി നായകൻ ശുഭ്മാൻ ഗില്ലും (104) സായ്സുദർശനും (103) നിറഞ്ഞാടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. ടോസ് നേടിയ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കാനുള്ള ചെന്നൈയുടെ തീരുമാനം പാളിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഓപണർമാർ നടത്തിയത്.

55 പന്തിൽ ആറ് സിക്സും ഒൻപത് ഫോറും ഉൾപ്പെടെ 104 റൺസെടുത്ത ശുഭ്മാൻ ഗില്ലും 51 പന്തിൽ ഏഴു സിക്സും അഞ്ചു ഫോറുമുൾപ്പെടെ 103 റൺസെടുത്ത സായ് സുദർശനും അഹമ്മദാബാദിലെ സ്വന്തം കാണികൾക്ക് മുന്നിൽ വെടിക്കെട്ട് വിരുന്നൊരുക്കുകയായിരുന്നു. 

തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ 18ാമത്തെ ഓവറിലാണ് ഈ കൂട്ടുകെട്ട് വീഴുന്നത്. 17.2 ഓവറിൽ 210 റൺസിൽ നിൽക്കെ സായ് സുദർശനാണ് ആദ്യം മടങ്ങിയത്.  ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന ഓപണിങ് കൂട്ടുകെട്ടിനൊപ്പം നിൽക്കെയാണ് മടക്കം.  2022ൽ കെ.എൽ. രാഹുലും ഡിക്കോക്കും നേടിയ 210 റൺസായിരുന്നു ഇതുവരെയുള്ള ഉ‍യർന്ന ഓപണിങ് കൂട്ടുകെട്ട്.

സായ് സുദർശന്റെ കന്നി ഐ.പി.എൽ സെഞ്ച്വറിയും ശുഭ്മാൻ ഗില്ലിന്റെ നാലാമത്തെയുമാണ്. 16 റൺസെടുത്ത് ഡേവിഡ് മില്ലർ പുറത്താകാതെ നിന്നു. ഇന്നിങ്സിലെ അവസാന പന്തിൽ ഷാറൂഖ് ഖാൻ (2) റണ്ണൗട്ടായി.   

Tags:    
News Summary - Gill and Sai with record partnership; 232 runs target for Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.