ചെന്നൈ: 14.25കോടിക്ക് െഗ്ലൻ മാക്സ്വെല്ലിനെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ചാലഞ്ചേഴ്സ് സഞ്ചിയിലാക്കിയപ്പോൾ ഐ.പി.എൽ ലേലക്കമ്മിറ്റി വരെ ഒന്ന് നെറ്റി ചുളിച്ചിരിക്കണം. അതിന് മതിയായ കാരണവുമുണ്ടായിരുന്നു. 2020ൽ കിങ്സ് ഇലവൻ പഞ്ചാബ് ജഴ്സിയിൽ ഏതാണ്ടെല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങിയിട്ടും ഒരു സിക്സർ പോലും നേടാനാകാതെ നാണംകെട്ടാണ് മാക്സ്വെൽ സീസൺ അവസാനിപ്പിച്ചത്.
ക്രൂരമായ പരിഹാസങ്ങൾക്കും മാക്സ്വെൽ പലകുറി ഇരയായി. മാക്സ്വെൽ ഐ.പി.എല്ലിന് വരുന്നത് സൗജന്യമായി ലഭിക്കുന്ന കൂൾ ഡ്രിങ്ക്സ് ആസ്വദിക്കാനും ചിയർ ലീഡറായിട്ടുമാണെന്നായിരുന്നു വീരേന്ദർ സെവാഗിന്‍റെ പരിഹാസം. ഐ.പി.എല്ലിന് പിന്നാലെ നടന്ന ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിൽ പക്ഷേ യു.എ.ഇയിൽ കണ്ട മാക്സ്വെല്ലിനെയായിരുന്നില്ല ക്രിക്കറ്റ് ലോകം കണ്ടത്. പന്തുകൾ അടിച്ചുപറത്തുന്നതിനിടെ വിക്കറ്റിന് പിന്നിൽ നിന്നിരുന്ന പഞ്ചാബ് നായകൻ കൂടിയായ കെ.എൽ രാഹുലിനോട് ഐ.പി.എല്ലിലെ മോശം പ്രകടനത്തിന് ക്ഷമചോദിക്കുകയും ചെയ്തിരുന്നു മാക്സ്വെൽ.
ഐ.പി.എല്ലിൽ 2014ലൊഴികെ മറ്റൊരു സീസണിലും തിളങ്ങാത്ത മാക്സ്വെല്ലിന് 14.25 കോടി നൽകിയപ്പോൾ ബാംഗ്ലൂരിനെ പരിഹസിച്ചവരെല്ലാം ഇേപ്പാൾ കൈകൊടുക്കുകയാണ്. ഐ.പി.എല്ലിൽ മൂന്നുമത്സരങ്ങൾ പിന്നിടുേമ്പാൾ 3 മത്സരങ്ങളിൽ നിന്നും 176 റൺസുമായി മാക്സ്വെൽ ടോപ്സ്കോറർമാരിൽ ഒന്നാമനാണ്. രണ്ട് അർധസെഞ്ച്വറികളും എട്ട് സിക്സറുകളും ഇതിനോടകം മാക്സ്വെല്ലിന്റെ ബാറ്റിൽ നിന്നും പിറന്നു. 2016ന് ശേഷം ഐ.പി.എല്ലിൽ മാക്സ്വെൽ അർധ സെഞ്ച്വറി നേടുന്നത് ഇതാദ്യമായാണ്.
നേടിയ റൺസിലധികവും ബാറ്റ്സ്മാൻമാർ വെള്ളംകുടിക്കുന്ന ചെന്നൈയിലെ പിച്ചിലാണെന്നതും മാക്സ്വെല്ലിന്റെ മൂല്യമേറ്റുന്നു. ഞായറാഴ്ച കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിൽ കോഹ്ലിയടക്കമുള്ള രണ്ട് മുൻനിരവിക്കറ്റുകൾ വീണ ശേഷം ക്രീസിലെത്തിയ മാക്സ്വെൽ 49 പന്തുകളിൽ നിന്നും 78 റൺസുമായി ടീമിനെ സുരക്ഷിതമാക്കിയാണ് സ്ഥലം വിട്ടത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടീം ഒന്നടങ്കം പരാജയപ്പെട്ടപ്പോൾ നേടിയ 59 റൺസിനും മൂല്യമേറെയുണ്ട്. തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ ഗ്രൗണ്ടിന്‍റെ എല്ലാ വശങ്ങളിലേക്കും മാക്സ്വെൽ അടിച്ചുതുടങ്ങുന്നത് എതിരാളികൾ ചങ്കിടിപ്പോടെയും ബാംഗ്ലൂർ ആരാധകർ ആവേശത്തോടെയുമാണ് ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.