മുംബൈ: വനിത പ്രീമിയർ ലീഗിലെ അതിവേഗ അർധ ശതകത്തിന് ഉടമയായ സോഫി ഡങ്ക്ലിയുടെയും (28 പന്തിൽ 65) ഹർലീൻ ഡിയോളിന്റെയും (45 പന്തിൽ 67) ബാറ്റിങ് മികവിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ ഗുജറാത്ത് ജയന്റ്സിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. 18 പന്തിൽനിന്നായിരുന്നു ഇംഗ്ലണ്ടുകാരി സോഫിയുടെ ഫിഫ്റ്റി.
മൂന്നാം ഓവറിൽ ഓപണർ സഭിനേനി മേഘനയെ (8) നഷ്ടമായെങ്കിലും ഡങ്ക്ലിക്ക് കൂട്ടായി ഡിയോൾ എത്തിയതോടെ സ്കോർബോർഡിൽ അക്കങ്ങൾ മിന്നിമറിഞ്ഞു. 11 ബൗണ്ടറിയും മൂന്നു സിക്സുമടങ്ങുന്നതായിരുന്നു ഡങ്ക്ലിയുടെ വെടിക്കെട്ട്.
എട്ട് ഓവർ പൂർത്തിയാകവെ ഓപണറെ ശ്രേയങ്ക പാട്ടീലിന്റെ പന്തിൽ ഹെതർനൈറ്റ് പിടിക്കുമ്പോൾ സ്കോർ 82. ഡിയോളിനൊപ്പം ആഷ് ലി ഗാർഡനർ ചേർന്നതോടെ വീണ്ടും കത്തിക്കയറി ഗുജറാത്ത്. ഗാർഡനർ (15 പന്തിൽ 19) 14ാം ഓവറിൽ പുറത്താവുമ്പോൾ സ്കോർ 135.
ഡയാലൻ ഹേമലത ഏഴു പന്തിൽ 16ഉം അന്നബെൽ സതർലൻഡ് എട്ടു പന്തിൽ 14ഉം റൺസടിച്ച് മടങ്ങി. മറുതലക്കൽ ബാംഗ്ലൂർ ബൗളർമാരെ തലങ്ങുംവിലങ്ങും അടിച്ചുപറത്തിയ ഡിയോളിനെ 20ാം ഓവറിലാണ് ശ്രേയങ്ക ബൗൾഡാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.