മുംബൈ: വാംഖഡെ സ്റ്റേഡിയത്തിലെ നിറഞ്ഞുനിന്ന മുംബൈ ഇന്ത്യൻസ് ആരാധകരെ സാക്ഷിനിർത്തി തകർപ്പൻ സെഞ്ച്വറിയുമായി സൂര്യകുമാർ യാദവ്. 49 പന്തിൽ പുറത്താകാതെ 103 റൺസെടുത്ത സൂര്യകുമാറിന്റെ മികവിൽ 20 ഓവറിൽ 218/5 റൺസാണ് മുംബൈ ഇന്ത്യൻസ് നേടിയത്. നേരത്തെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർമാരായ ഇഷാൻ കിഷൻ 31 ഉം നായകൻ രോഹിത് ശർമ 29 ഉം റൺസെടുത്ത് ഭേതപ്പെട്ട തുടക്കം നൽകിയെങ്കിലും ഗുജറാത്ത് സ്പിന്നർ റാഷിദ് ഖാനെ കൊണ്ടുവന്നതോടെ ടീം തകർച്ചയിലേക്ക് നീങ്ങി. ഓപണർമാരെ രണ്ടുപേരെയും പുറത്താക്കി റാഷിദ്ഖാൻ അപകടമുന്നറിയിപ്പ് നൽകി. തുടർന്നെത്തിയ സൂര്യകുമാർ യാദവ് തകർത്തടിച്ച് മുന്നേറിയെങ്കിലും നേഹൽ വദേരയെ(15) ക്ലീൻ ബൗൾഡാക്കി റാഷിദ് ഖാൻ അടുത്ത ആഘാതം ഏൽപ്പിച്ചു. തുടർന്നെത്തിയ മലയാളി താരം വിഷ്ണു വിനോദ് സൂര്യകുമാറിന് മികച്ച പിന്തുണയുമായി നിന്നു. 20 പന്തിൽ 30 റൺസെടുത്ത് വിഷ്ണു വിനോദ് മോഹിത് ശർമക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ടിം ഡേവിഡിനെയും(5) പുറത്താക്കി റാഷിദ് ഖാൻ നാലാം വിക്കറ്റ് തന്റെ അക്കൗണ്ടിൽ ചേർത്ത് ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തി. 12 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകളാണ് നേടിയത്. കാമറൂൺ ഗ്രീൻ പുറത്താകാതെ 3 റൺസെടുത്തു. സൂര്യകുമാർ യാദവ് 6 സിക്സും 11 ഫോറുമുൾപ്പെടെയാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.