വാംഖഡെ: ഐ.പി.എല്ലിലെ പുതുടീമുകളുടെ പോരിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് അഞ്ച് വിക്കറ്റ് ജയം. ലഖ്നോ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ മറികടന്നു. രാഹുൽ തെവാത്തിയ (40*), മാത്യു വെയ്ഡ് (30), ഹർദിക് പാണ്ഡ്യ (33), ഡേവിഡ് മില്ലർ (30) എന്നിവരുടെ ബാറ്റിങ്ങാണ് ഗുജറാത്തിന് തുണയായത്.
തുടക്കത്തിലെ തകർച്ചക്ക് ശേഷം പിടിച്ചുകയറിയ ലഖ്നോ സൂപ്പർ ജയന്റ്സ് ദീപക് ഹൂഡയുടെയും (41 പന്തിൽ 55) പുതുമുഖം ആയുഷ് ബദോനിയുടെയും (41 പന്തിൽ 54) അർധ സെഞ്ച്വറികളുടെ മികവിലാണ് പൊരുതാവുന്ന സ്കോറുയർത്തിയത്. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഗുജറാത്തിനായി തുടക്കത്തിൽ ഷമിയുടെ ആറാട്ടായിരുന്നു. ആദ്യ പന്തിൽ ലഖ്നോ നായകൻ ലോകേഷ് രാഹുലിനെയും (0) രണ്ടാം ഓവറിൽ ക്വിന്റൺ ഡികോകിനെയും (7) മൂന്നാം ഓവറിൽ മനീഷ് പാണ്ഡെയെയും (6) മടക്കിയ ഷമി ലഖ്നോക്ക് കനത്ത പ്രഹരമേൽപിച്ചു.
രാഹുലിനെ വിക്കറ്റിന് പിറകിൽ മാത്യു വെയ്ഡ് പിടികൂടിയപ്പോൾ ഡികോക്കിന്റെയും പാണ്ഡെയുടെയും കുറ്റി തെറിക്കുകയായിരുന്നു. മറുവശത്ത് വരുൺ ആരോൺ എവിൻ ലൂയിസിനെയും (10) മടക്കി. ശുഭ്മൻ ഗില്ലിന്റെ മനോഹര ക്യാച്ചിലായിരുന്നു ലൂയിസിന്റെ മടക്കം.
ഇതോടെ അഞ്ച് ഓവറിൽ നാലിന് 29 എന്ന നിലയിൽ പതറിയ ലഖ്നോയുടെ ഇന്നിങ്സ് പെട്ടെന്ന് അവസാനിപ്പിക്കാമെന്ന ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യയുടെ കണക്കുകൂട്ടലുകൾ പക്ഷേ ഹൂഡയും ബദോനിയും ചേർന്ന് തെറ്റിച്ചു.
അനായാസം ബാറ്റുചെയ്ത ഇരുവരും അഞ്ചാം വിക്കറ്റിൽ 68 പന്തിൽ 87 റൺസ് ചേർത്താണ് ലഖ്നോയെ സുരക്ഷിത നിലയിൽ എത്തിച്ചത്. ഹൂഡ രണ്ടു സിക്സും ആറു ഫോറും ബദോനി മൂന്നു സിക്സും നാലു ഫോറും പായിച്ചു. ഹൂഡ പുറത്തായശേഷമെത്തിയ ക്രുനാൽ പാണ്ഡ്യയും (13 പന്തിൽ 23) നന്നായി കളിച്ചതോടെ ലഖ്നോ 158ലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.