സൺറൈസേഴ്സിനെ 34 റൺസിന് തകർത്ത് ഗുജറാത്ത് പ്ലേഓഫിലേക്ക്

അഹമ്മദാബാദ്: അങ്ങനെ ഇത്തവണത്തെ ഐ.പി.എല്ലിൽ ആദ്യമായി പ്ലേഓഫിലേക്ക് പ്രവേശിച്ച ടീമായി ഗുജറാത്ത് ടൈറ്റാൻസ്. സൺറൈസേഴ്സ് ഹൈദരാബാദിനെ 34 റൺസിന് പരാജയപ്പെടുത്തിയാണ് ഒരു മത്സരം ബാക്കി നിൽക്കെ ഹർദിക് പാണ്ഡ്യയും സംഘവും രാജകീയമായി പ്ലേഓഫിലേക്ക് കടന്നത്. സീസണിലെ എട്ടാമത്തെ തോൽവിയോടെ ഡൽഹിക്ക് ശേഷം പ്ലേഓഫ് കാണാതെ പുറത്തായ രണ്ടാമത്തെ ടീമായി ഹൈദരാബാദ് മാറി.

189 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസിന് ഒതുങ്ങി. നാലോവറിൽ 20 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും നാലോവറിൽ 28 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമയുമാണ് ഹൈദരാബാദിനെ തോൽപ്പിച്ചത്.

ഏഴോവറിൽ ആറ് വിക്കറ്റിന് 49 എന്ന പരിതാപകരമായ നിലയിലായിരുന്നു ഹൈദരാബാദ്. അർധസെഞ്ച്വറി (64) നേടിയ ഹൈന്റിച്ച് ക്ലാസനും ഒപ്പം നിന്ന് പൊരുതിയ ഭുവനേഷ്വർ കുമാറുമാണ് (27) ടീമിന്റെ സ്കോർ 150 കടത്തിയത്. നായകൻ ഐഡൻ മാ​ർക്രം (10) അടക്കമുള്ള അവശേഷിച്ച ബാറ്റർമാരെല്ലാം ഷമിയുടെയും മോഹിതിന്റെയും പേസിന് മുന്നിൽ എളുപ്പം വീഴുകയായിരുന്നു.

ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിലായിരുന്നു ഗുജറാത്ത് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തത്. ഗിൽ 58 പന്തിൽ 13 ഫോറും ഒരു സിക്സറുമുൾപ്പെടെ 101 റൺസെടുത്തു. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കുമാർ അഞ്ചു വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Gujarat Titans beats Sunrisers Hyderabad by 34 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.