രാജ്കോട്ട്: രഞ്ജി ട്രോഫി എലീറ്റ് എ ഗ്രൂപ്പിൽ ആദ്യ കളിയിലെ തകർപ്പൻ ജയത്തിന്റെ ആവേശത്തിൽ രണ്ടാം മത്സരത്തിനിറങ്ങിയ കേരളത്തിന് തിരിച്ചടി. ഗുജറാത്തിനെതിരായ മത്സരത്തിന്റെ ആദ്യദിനം കേരളം ബാക്ക്ഫൂട്ടിലാണ്. കളി നിർത്തുമ്പോൾ ആറു വിക്കറ്റിന് 334 എന്ന ശക്തമായ നിലയിലാണ് ഗുജറാത്ത്. സെഞ്ച്വറി നേടിയ ഹേത് പട്ടേലും (146) കരൺ പട്ടേലും (120) ആണ് ക്രീസിൽ.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച കേരളത്തിന്റെ തുടക്കം ഗംഭീരമായിരുന്നു. എതിരാളികളുടെ മുൻനിരയെ തകർത്ത് നാലിന് 33 എന്ന സ്കോറിലേക്ക് തള്ളിയിട്ട കേരള ബൗളർമാരും ഫീൽഡർമാരും പക്ഷേ പിന്നീട് കളി കൈവിട്ടു. 90 റൺസാവുമ്പോഴേക്കും അഞ്ചാംവിക്കറ്റും വീഴ്ത്തിയെങ്കിലും ആറാം വിക്കറ്റിൽ പട്ടേലുമാർ വമ്പൻ കൂട്ടുകെട്ടുയർത്തി. 234 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. അതിനിടെ 37ൽ നിൽക്കെ ഹേത് പട്ടേലിനെ ജലജ് സക്സേനയുടെ പന്തിൽ സ്ലിപ്പിൽ വത്സൽ ഗോവിന്ദ് കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി.
നാലു വിക്കറ്റെടുത്ത പേസർ എം.ഡി. നിധീഷ് ആണ് കേരള ബൗളർമാരിൽ തിളങ്ങിയത്. കഴിഞ്ഞ കളിയിലെ ഹീറോ ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റെടുത്തു. ബേസിൽ തമ്പിക്കും ഒരു വിക്കറ്റ് കിട്ടിയെങ്കിലും ഓവറിൽ ആറിനുമുകളിലാണ് റൺസ് വിട്ടുകൊടുത്തത്. ആദ്യ മത്സരം കളിച്ച എസ്. ശ്രീശാന്തിന് പകരമാണ് നിധീഷിന് അവസരം നൽകിയത്. പേസർ മനുകൃഷ്ണന് പകരം ബാറ്റർ സൽമാൻ നിസാറും ഇറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.