ദോഹ: ഗൾഫ് ക്രിക്കറ്റ് ട്വന്റി20 ചാമ്പ്യൻഷിപ്പിലെ രണ്ടാം അങ്കത്തിൽ ഖത്തറിന് തോൽവി. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒമാന്‍ മുന്നിൽ 19 റൺസിനായിരുന്നു തോൽവി. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 149 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തറിന് 130 റൺസിലെത്താനേ കഴിഞ്ഞുള്ളൂ. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഒമാനെ ഓപണിങ് ഓവറിൽതന്നെ ഖത്തർ ബൗളർമാർ പ്രതിസന്ധിയിലാക്കി.
മിർസ മുഹമ്മദ് ബെയ്ഗ് എറിഞ്ഞ ആദ്യഓവറിൽ ആദ്യം രണ്ടു പേരെയും അടുത്ത ഓവറിൽ മൂന്നാം വിക്കറ്റും വീഴ്ത്തി നന്നായി തുടങ്ങിയെങ്കിലും മധ്യനിരയിൽ മുഹമ്മദ് നദീം (36), മെഹർ ഖാൻ (24), ഷകീൽ അഹമ്മദ് (23) എന്നിവരുടെ മികവിൽ ഒമാൻ സ്കോർ ബോർഡ് പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ ഇമൽ ലിയാങ്കെ (19), സഖ്ലയ്ൻ അർഷാദ് (31) എന്നിവർ ഖത്തറിനായി നന്നായി തുടങ്ങി.പക്ഷേ, പാതിവഴിയിൽ ബാറ്റിങ് താളംതെറ്റിയപ്പോൾ സ്കോർ ബോർഡ് 130ൽ അവസാനിച്ചു. ശനിയാഴ്ച നടന്ന മത്സരങ്ങളിൽ കുവൈത്തും യു.എ.ഇയും വിജയിച്ചു. കുവൈത്ത് എട്ട് വിക്കറ്റിന് ബഹ്റൈനെയും യു.എ.ഇ 22 റൺസിന് ഒമാനെയും തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.