ന്യൂഡൽഹി: എന്തുകൊണ്ടാണ് താൻ ടീമിൽ നിന്നും പുറത്തായതെന്ന് ആരും ചോദിച്ചില്ലെന്ന് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ദൈനിക് ജാഗരണിന് നൽകിയ അഭിമുഖത്തിലാണ് ഹർഭജന്‍റെ പരാമർശം.
2011 ലോകകപ്പ് വിജയത്തിന് ശേഷം ഹർഭജൻ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമായിരുന്നില്ല. പകരക്കാരനായി അശ്വിനെത്തിയതോടെയായിരുന്നു ഭാജിക്ക് ടീമിലെ സ്ഥിരമായ ഇടം നഷ്ടമായത്. ഇത് തന്‍റെ മനസിൽ നിരവധി ചോദ്യങ്ങൾ ഉയരാൻ കാരണമായെന്ന് ഹർഭജൻ പറഞ്ഞു. 400 വിക്കറ്റുകൾ നേടിയ ഒരാൾ നിരന്തരമായി ടീമിന് പുറത്തേക്ക് പോകുമ്പോൾ സ്വാഭാവികമായും ചോദ്യങ്ങൾ ഉയരും. ഈ ചോദ്യങ്ങൾ താൻ പലരോടും ചോദിച്ചുവെന്നും എന്നാൽ, ആരിൽ നിന്നും ഉത്തരം ലഭിച്ചില്ലെന്നും ഹർഭജൻ പറഞ്ഞു.
കൃത്യമായ സമയത്ത് തനിക്ക് പിന്തുണ ലഭിച്ചിരുന്നുവെങ്കിൽ 500 മുതൽ 550 വിക്കറ്റ് വരെ ടെസ്റ്റിൽ നേടാമായിരുന്നു. മൂന്നോ നാലോ വർഷം കൂടി കളിച്ചിരുന്നുവെങ്കിൽ ഈ നേട്ടത്തിലേക്ക് എത്താൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഇന്ത്യൻ ക്രിക്കറ്റിന്‍റെ കഥ. നേട്ടങ്ങളുണ്ടാക്കിയ ഒരാളെ വേണ്ടാതായാൽ പിന്നീട് അയാളോട് മിണ്ടാൻ പോലും ആരും തയാറാകില്ലെന്നും ഹർഭജൻ പറഞ്ഞു.
711 അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷമാണ് ഹർഭജൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. 103 ടെസ്റ്റുകളിലായി 417 വിക്കറ്റും 236 ഏകദിനങ്ങളിൽ നിന്നും 269 വിക്കറ്റും സ്വന്തമാക്കി. 2007ലെ ഐ.സി.സി ട്വന്‍റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഹർഭജൻ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.