ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ഉത്തർപ്രദേശ് മികച്ച സ്കോറിലേക്ക്. ആദ്യദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് കളിനിര്‍ത്തുമ്പോള്‍ അഞ്ചിന് 244 റണ്‍സെന്ന നിലയിലാണ് സന്ദർശകർ. തുടക്കത്തിലെ തകർച്ചക്ക് ശേഷം അർധസെഞ്ച്വറികളുമായി പുറത്താകാതെ നിൽക്കുന്ന റിങ്കു സിങ് (71), ധ്രുവ് ജുറേല്‍ (54) എന്നിവരാണ് യു.പിയെ കരകയറ്റിയത്.
ആലപ്പുഴ എസ്.ഡി കോളജ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഉത്തര്‍ പ്രദേശിന് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. സമർഥ് സിങ്ങിനെ (10) എം.ഡി നിതീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ആര്യന്‍ ജുയല്‍ (28) പ്രിയം ഗാര്‍ഗ് (44) സഖ്യം പിടിച്ചുനിന്നു. എന്നാല്‍, ജുയലിനെ പുറത്താക്കി വൈശാഖ് ചന്ദ്രന്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഗാര്‍ഗിന്റെ സ്റ്റമ്പ് ബേസില്‍ തമ്പി തെറിപ്പിച്ചു. അക്ഷ്ദീപ് നാഥിനെ (9) ജലജ് സക്‌സേനയും സമീര്‍ റിസ്‍വിയെ (26) ശ്രേയസ് ഗോപാലും പറഞ്ഞയച്ചതോടെ യു.പി അഞ്ചിന് 124 എന്ന നിലയിൽ പതറി.
തുടര്‍ന്നാണ് റിങ്കു സിങ്-ജുറേല്‍ സഖ്യം ഒരുമിച്ചത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ ഇതുവരെ 120 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. റിങ്കു 103 പന്തുകളില്‍ രണ്ട് സിക്‌സും ഏഴ് ഫോറുമടക്കമാണ് 71ലെത്തിയത്. കേരളത്തിനായി ബേസിൽ തമ്പി, എം.ഡി നിതീഷ്, വൈശാഖ് ചന്ദ്രൻ, ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.