രോഹിതിനും ജയ്സ്വാളിനും അർധസെഞ്ച്വറി; ഇന്ത്യക്ക് തകർപ്പൻ തുടക്കം

ധരംശാല: ഇന്ത്യയുടെ സ്പിൻ ആക്രമണത്തിൽ ഇംഗ്ലീഷ് ബാറ്റിങ് നിര തകർന്നടിഞ്ഞ പിച്ചിൽ തകർത്തടിച്ച് ഇന്ത്യൻ ബാറ്റർമാർ. ഓപണർമാരായ രോഹിത് ശർമയും യശസ്വി ജയ്സ്വാളും അർധസെഞ്ച്വറികളുമായി ഇംഗ്ലീഷ് ബൗളർമാരെ അനായാസം നേരിട്ടതോടെ രണ്ടാം ദിനം സ്റ്റമ്പെടുക്കു​മ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 58 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 57 റൺസെടുത്ത ജെയ്സ്വാളാണ് പുറത്തായ ഇന്ത്യൻ ബാറ്റർ. താരത്തെ ശുഐബ് ബഷീറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് പിടികൂടുകയായിരുന്നു. 52 റൺസുമായി രോഹിത് ശർമയും 26 റൺസുമായി ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ​സ്കോറിന് 83 റൺസ് മാത്രം പിറകിലാണ് ഇന്ത്യ.

കുൽദീപ് യാദവ് അഞ്ച് വിക്കറ്റുമായും കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്രൻ അശ്വിൻ നാല് വിക്കറ്റുമായും കളം നിറഞ്ഞ അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സന്ദർശകർ 218 റൺസിനാണ് പുറത്തായത്. രവീന്ദ്ര ജദേജക്കായിരുന്നു ശേഷിച്ച വിക്കറ്റ്. 108 പന്ത് നേരിട്ട് 79 റൺസ് നേടിയ ഓപണർ സാക് ​ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ബെൻ ഡക്കറ്റുമായി (27) ആദ്യ വിക്കറ്റിൽ 64 റൺസ് ചേർത്ത സാക് ക്രോളിയുടെ സ്റ്റമ്പ് സ്കോർ ബോർഡിൽ 137 റൺസുള്ളപ്പോൾ കുൽദീപ് തെറിപ്പിച്ചതോടെ ഇംഗ്ലണ്ടിന്റെ കൂട്ടത്തകർച്ചക്കും തുടക്കമായി. ​

ഒമ്പതാം വിക്കറ്റിൽ ബെൻ ഫോക്സും ശുഐബ് ബഷീറും ചേർന്നുള്ള സഖ്യത്തിന്റെ ചെറുത്തുനിൽപ്പാണ് സ്കോർ 200 കടത്തിയത്. എട്ടിന് 183 റൺസെന്ന നിലയിൽ ഒന്നിച്ച ഇവർ 35 റൺസാണ് കൂട്ടിച്ചേർത്തത്. 24 റൺസെടുത്ത ബെൻ ഫോക്സിനെ അശ്വിൻ ബൗൾഡാക്കിയതോടെ ഈ ചെറുത്തുനിൽപ്പിനും വിരാമമായി. ശുഐബ് ബഷീർ 11 റൺസുമായി പുറത്താകാതെനിന്നു.

ഒലി പോപ് (11), ജോ റൂട്ട് (26), ജോണി ബെയർസ്റ്റോ (29), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (0), ടോം ഹാർട്ട്‍ലി (6), മാർക് വുഡ് (0) ജെയിംസ് ആൻഡേഴ്സൺ (0) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.  

Tags:    
News Summary - Half-centuries for Rohit and Jaiswal; Good start for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.