മർക്രാമിന് അർധസെഞ്ച്വറി; ചെന്നൈക്കെതിരെ ഹൈദരാബാദിന് അനായാസ ജയം

ഹൈദരാബാദ്: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഹൈദരാബാദ് സൺറൈസേഴ്സിന് അനായാസ ജയം. 166 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം പിടിക്കുകയായിരുന്നു. താരതമ്യേന കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിന് ഓപണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് തകർപ്പർ തുടക്കമാണ് നൽകിയത്. വെറും 12 പന്തിൽ നാല് കൂറ്റൻ സിക്സറുകളും മൂന്ന് ഫോറുമടക്കം 37 റൺസ് അടിച്ചുകൂട്ടിയ അഭിഷേകിനെ ദീപക് ചാഹറിന്റെ പന്തിൽ രവീന്ദ്ര ജദേജ പിടികൂടുമ്പോൾ സ്കോർ ബോർഡിൽ 2.4 ഓവറിൽ 46 റൺസെത്തിയിരുന്നു.

24 പന്തിൽ 31 റൺസെടുത്ത ട്രാവിസ് ഹെഡിനെ മഹീഷ് തീക്ഷ്ണയുടെ പന്തിൽ രചിൻ രവീന്ദ്ര പിടികൂടിയെങ്കിലും ഒരുവശത്ത് എയ്ഡൻ മർക്രാം ചെന്നൈ ബൗളർമാരെ അനായാസം നേരിട്ടു. എന്നാൽ, അർധസെഞ്ച്വറി തികച്ചയുടൻ മർക്രാമും വീണു. 36 പന്തിൽ 50 റൺസെടുത്ത താരത്തെ മൊയീൻ അലി വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 18 റൺസെടുത്ത ​ഷഹ്ബാസ് അഹ്മദിനെയും മൊയീൻ അലി ഇതേ രീതിയിൽ മടക്കി. ഹെന്റിച്ച് ക്ലാസനും (10) നിതീഷ് കുമാർ റെഡ്ഡിയും (14) ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ജയത്തിലെത്തിക്കുകയായിരുന്നു. ചെന്നൈക്കായി മൊയീൻ അലി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മഹീഷ തീക്ഷണ, ദീപക് ചാഹർ എന്നിവർ ഓരോ വിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ​ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷട്ത്തിലാണ് 165 റൺസ് അടിച്ചെടുത്തത്. 24 പന്തിൽ നാല് സിക്സും രണ്ട് ഫോറുമടക്കം 45 റൺസെടുത്ത ശിവം ദുബെയാണ് സന്ദർശക നിരയിൽ തിളങ്ങിയത്. ഓപണർമാരായ രചിൻ രവീന്ദ്രയും (9 പന്തിൽ 12), ഋതുരാജ് ഗെയ്ക്‍വാദും (21 പന്തിൽ 26) ചേർന്ന് ആദ്യ വിക്കറ്റിൽ 3.1 ഓവറിൽ 25 റൺസ് ചേർത്ത് വഴിപിരിയുകയായിരുന്നു. രചിൻ രവീന്ദ്രയെ ഭുവനേശ്വർ കുമാറിന്റെ പന്തിൽ എയ്ഡൻ മർക്രാമും ഗെയ്ക്‍വാദിനെ ഷഹ്ബാസ് അഹ്മദിന്റെ പന്തിൽ അബ്ദുൽ സമദും പിടികൂടി. തകർപ്പനടികളിലൂടെ പ്രതീക്ഷ നൽകിയ ശിവം ദുബെ പാറ്റ് കമ്മിൻസിന്റെ പന്തിൽ ഭുവനേശ്വൻ കുമാറിന്റെ കൈയിലൊതുങ്ങുമ്പോൾ ചെന്നൈ 13.4 ഓവറിൽ മൂന്നിന് 119 റൺസെന്ന നിലയിലെത്തിയിരുന്നു.

എന്നാൽ, തുടർന്നെത്തിയവർക്കൊന്നും സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിക്കാനായില്ല. 30 പന്തിൽ ഒരു സിക്സും രണ്ട് ഫോറുമടക്കം 35 റൺസെടുത്ത അജിൻക്യ രഹാനെയെ ഉനദ്കട്ട് മായങ്ക് മാർക്കണ്ഡെയുടെ കൈയിൽ എത്തിച്ചതോടെ ചെന്നൈ പ്രതിസന്ധിയിലായി. അവസാന ഓവറിലെ മൂന്നാം പന്തിൽ 13 റൺസുമായി ഡാറിൽ മിച്ചലും മടങ്ങി. രവീന്ദ്ര ജദേജയും (23 പന്തിൽ പുറത്താകാതെ 31), എം.എസ് ധോണിയും (രണ്ട് പന്തിൽ ഒന്ന്) പുറത്താകാതെ നിന്നു. അവസാന രണ്ട് ​ഓവറിൽ 13 റൺസ് മാത്രമാണ് ചെന്നൈക്ക് അടിച്ചെടുക്കാനായത്.

ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ, പാറ്റ് കമ്മിൻസ്, ഷഹ്ബാസ് അഹ്മദ്, ജയദേവ് ഉനദ്കട്ട്, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റ് നേടി. 

Tags:    
News Summary - Half-century for Markram; Easy win for Hyderabad against Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.