ലഖ്നോ: ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ലഖ്നോ സൂപ്പർ ജയൻറ്സിന് 177 റൺസ് വിജയലക്ഷ്യം. അർധ സെഞ്ച്വറി നേടിയ രവീന്ദ്ര ജദേജയുടെയും(57), അവസാന ഓവറുകളിൽ ആഞ്ഞടിച്ച എം.എസ്.ധോണിയുടേയും മുഈൻ അലിയുടെ പ്രകടനമാണ് ചെന്നൈയെ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പതർച്ചയോടെയാണ് തുടങ്ങിയത്. സ്കോർ ബോർഡിൽ നാല് റൺസ് ചേർക്കുമ്പോഴേക്കും ഓപണർ രചിൻ രവീന്ദ്ര റൺസൊന്നും എടുക്കാതെ മടങ്ങി. മൊഹ്സിൻ ഖാന്റെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. തുടർന്നെത്തിയ നായകൻ രുതുരാജ് ഗെയ്ക്വാദ് (17) യാഷ് താക്കൂറിന്റെ പന്തിൽ കെ.എൽ.രാഹുൽ പിടിച്ച് പുറത്താക്കി.
രവീന്ദ്ര ജദേജയെ കൂട്ടുപിടിച്ച് അജിങ്കെ രഹാനെ പതിയെ സ്കോർ ഉയർത്താൻ ശ്രമിച്ചു. 24 പന്തിൽ 36 റൺസെടുത്ത രഹാനെയെ ക്രുനാൽ പാണ്ഡ്യ മടക്കി. തൊട്ടുപിന്നാലെ ശിവം ദുബെ(3) മാർക്കസ് സ്റ്റോയിനിസിനും സമീർ റിസ്വി (1) ക്രുനാൽ പാണ്ഡ്യക്കും വിക്കറ്റ് നൽകി. നോൺ സ്ട്രൈക്കിങ് എൻഡിൽ വിക്കറ്റ് വീഴുമ്പോഴും രവീന്ദ്ര ജദേജ താളം കണ്ടെത്തി. മുഈൻ അലിക്കൊപ്പം ചേർന്ന് ജദേജ അർധസെഞ്ച്വറി പൂർത്തിയാക്കി.
മൊഹ്സിൻ ഖാനെ സിക്സ് അടിച്ചാണ് അർധ സെഞ്ച്വറിയിലെത്തിയത്. രവി ബിഷ്ണോയി എറിഞ്ഞ 18ാമത്തെ ഓവറിൽ ഹാട്രിക്ക് സിക്സടിച്ച മുഈൻ അലി കളിയുടെ മൂഡ് മാറ്റിയെങ്കിലും അതേ ഒാവറിൽ ആയുഷ് ബദോനിക്ക് ക്യാച്ച് നൽകി മടങ്ങി. 20 പന്തിൽ മൂന്ന് സിക്സറുൾപ്പെടെ 30 റൺസാണ് മുഈൻ അലി നേടിയത്. കഴിഞ്ഞ കളിയുടെ തുടർച്ചയെന്നോണം അവസാന രണ്ടു ഓവറുകളിൽ എം.എസ് ധോണി നടത്തിയ വെടിക്കെട്ട് പ്രകടനം ചെന്നൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. ഒമ്പത് പന്തിൽ രണ്ടു സിക്സും മൂന്ന് ഫോറുമുൾപ്പെടെ 28 റൺസെടുത്ത ധോണിയും 40 പന്തിൽ അഞ്ച് ഫോറും ഒരു സിക്സുമുൾപ്പെടെ 57 റൺസെടുത്ത ജദേജയും പുറത്താകാതെ നിന്നു. ലഖ്നോക്ക് വേണ്ടി ക്രുനാൽ പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.