മൊഹാലി: സൂര്യകുമാർ യാദവിന്റെ തകർപ്പൻ അർധസെഞ്ച്വറിയുടെ മികവിൽ പഞ്ചാബിനെതിരായ ഐ.പി.എൽ പോരാട്ടത്തിൽ മുംബൈക്ക് മികച്ച സ്കോർ. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് മുംബൈ അടിച്ചെടുത്തത്. സൂര്യ 53 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 78 റൺസെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ഹർഷൽ പട്ടേലാണ് പഞ്ചാബ് ബൗളർമാരിൽ തിളങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് എട്ട് പന്തിൽ അത്രയും റൺസെടുത്ത ഇഷാൻ കിഷനെ തുടക്കത്തിൽ തന്നെ നഷ്ടമായി. കഗിസൊ റബാദയെ ഉയർത്തിയടിച്ച കിഷനെ ബൗണ്ടറി ലൈനിനരികെ ഹർപ്രീത് ബ്രാർ കൈയിലൊതുക്കുകയായിരുന്നു. തുടർന്ന് ഒത്തുചേർന്ന രോഹിത് ശർമയും സൂര്യകുമാർ യാദവും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തി. എന്നാൽ, 25 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 36 റൺസെടുത്ത രോഹിതിനെ സാം കറൺ വീഴ്ത്തി. കൂറ്റനടിക്കായി ക്രീസ് വിട്ട മുൻ നായകന് പിഴച്ചപ്പോൾ ഇത്തവണയും എത്തിയത് ഹർപ്രീത് ബ്രാറിന്റെ കൈയിലായിരുന്നു. ഇരുവരും ചേർന്ന് 57 പന്തിൽ 81 റൺസാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.
റബാദ എറിഞ്ഞ 16ാം ഓവറിലെ രണ്ടാം പന്ത് സൂര്യയുടെ കാലിൽ തട്ടിയപ്പോൾ അമ്പയർ ഔട്ട് വിളിച്ചെങ്കിലും ഡി.ആർ.എസിലൂടെ ആയുസ്സ് നീട്ടിയ താരത്തിന് കൂടുതൽ സമയം ക്രീസിൽ തുടരാനായില്ല. 78 റൺസിൽ നിൽക്കെ സാം കറന്റെ വൈഡ് ബാളിൽ ബാറ്റ് വെച്ച സൂര്യയെ പ്രഭ്സിമ്രാൻ സിങ് മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. തുടർന്നെത്തിയ നായകൻ ഹാർദിക് പാണ്ഡ്യക്കും പിടിച്ചുനിൽക്കാനായില്ല. ആറ് പന്തിൽ 10 റൺസെടുത്ത പാണ്ഡ്യയെ ഹർഷൽ പട്ടേൽ ഹർപ്രീത് ബ്രാറിന്റെ കൈയിലെത്തിക്കുകയായിരുന്നു.
ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ മുംബൈയുടെ മൂന്ന് വിക്കറ്റുകളാണ് നിലംപൊത്തിയത്. ഏഴ് റൺസ് മാത്രമാണ് ഇതിൽ പിറന്നത്. ഏഴ് പന്തിൽ 14 റൺസെടുത്ത ടിം ഡേവിഡിനെ സാം കറണും ഒരു റൺസെടുത്ത റൊമാരിയോ ഷെപ്പേർഡിനെ ശശാങ്ക് സിങ്ങും കൈയിലൊതുക്കിയപ്പോൾ അവസാന പന്ത് നേരിട്ട മുഹമ്മദ് നബി റണ്ണൗട്ടായും മടങ്ങി. ഇതോടെ മുംബൈ സ്കോർ 192ൽ അവസാനിക്കുകയായിരുന്നു. അവസാന ഘട്ടത്തിൽ സ്കോർ ഉയർത്തിയ തിലക് വർമ 18 പന്തിൽ 34 റൺസുമായി പുറത്താകാതെനിന്നു. പഞ്ചാബിനായി ഹർഷൽ പട്ടേലിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിന് പുറമെ സാം കറൺ രണ്ടും കഗിസൊ റബാദ ഒന്നും വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.