ഹാർദിക്കും ജദേജയുമല്ല! ടീം ഇന്ത്യയുടെ 2023ലെ യുവരാജ് സിങ് ഈ 34കാരനെന്ന് ഹർഭജൻ

ഇന്ത്യയുടെ 2011 ലോകകപ്പ് വിജയത്തിലെ ഹീറോയായിരുന്നു സൂപ്പർതാരം യുവരാജ് സിങ്. 28 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ടീം ഇന്ത്യ രണ്ടാം ലോക കിരീടം നേടുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെയാണ് എം.എസ്. ധോണിയും സംഘവും പരാജയപ്പെടുത്തിയത്.

യുവരാജിന്‍റെ ഓൾ റൗണ്ട് പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഒമ്പത് മത്സരങ്ങളിൽനിന്ന് 362 റൺസ് നേടിയ താരം 15 വിക്കറ്റും വീഴ്ത്തി. തകർപ്പൻ പ്രകടനത്തോടെ ടൂർണമെന്‍റിലെ താരവുമായി. 12 വർഷങ്ങൾക്കിപ്പുറം രാജ്യം ഒറ്റക്ക് വേദിയാകുന്ന മറ്റൊരു ലോകകപ്പിൽ മൂന്നാം ലോക കീരിടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ നാലു മത്സരങ്ങളും ജയിച്ച് ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്.

നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഈ ലോകകപ്പിൽ ടീം ഇന്ത്യക്കുവേണ്ടി സൂപ്പർബാറ്റർ വിരാട് കോഹ്ലി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും വിജയശിൽപിയാകുമെന്നും മുൻ സ്പിന്നർ ഹർഭജൻ സിങ് പറയുന്നു. ഈ ലോകകപ്പിൽ 2011ലെ യുവരാജ് സിങ്ങിന്‍റെ റോൾ വഹിക്കാൻ കഴിയുന്ന, നിർണായക താരം ആരാകുമെന്ന ചോദ്യത്തിനായിരുന്നു ഹർഭജന്‍റെ മറുപടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഹർഭജൻ.

‘ഈ ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിങ്-ബൗളിങ് ലൈനപ്പിൽ മികച്ച താരങ്ങളുണ്ട്. ബുംറ, സിറാജ്, കുൽദീപ് എന്നിവരെല്ലാം മികച്ച ഫോമിലാണ്. ഈ ലോകകപ്പിലെ യുവരാജ് സിങ് ആരാകുമെന്ന ചോദ്യത്തിന് ഒരാളുടെ പേരു പറയുക പ്രയാസമാണ്. എന്നാൽ ആ ഉത്തരവാദിത്തം ആരെയെങ്കിലും ഏൽപ്പിക്കേണ്ടി വന്നാൽ, 2023ലെ യുവരാജ് സിംഗായി വിരാട് കോഹ്ലിയെ തെരഞ്ഞെടുക്കും’ -അഭിമുഖത്തിനിടെ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി ഹർഭജൻ പറഞ്ഞു.

നിലവിൽ നാലു മത്സരങ്ങളിൽനിന്നായി 259 റൺസാണ് താരം നേടിയത്. ആസ്ട്രേലിയക്കെതിരെയും അഫ്ഗാനിസ്താനെതിരെയും അർധ സെഞ്ച്വറി നേടിയ താരം, ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏകദിനത്തിലെ തന്‍റെ 48ാം സെഞ്ച്വറിയും പൂർത്തിയാക്കിയിരുന്നു.

Tags:    
News Summary - Harbhajan Feels 34-Year-Old Star Can Be 'Yuvraj Singh Of 2023' For Team India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.