‘മോശം പിച്ചുകളിൽ ജയിക്കുന്നതിലെ കപട ആത്മവിശ്വാസം’; ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ സ്പിൻ ഇതിഹാസം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ദയനീയ തോൽവിക്കു പിന്നാലെ ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ താരങ്ങളടക്കം നിരവധി പേർ രംഗത്തുവന്നിരുന്നു. തുടർച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്ട്രേലിയയോടാണ് രോഹിത് ശർമയും കൂട്ടരും തോൽവിയേറ്റു വാങ്ങിയത്.

പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോടേറ്റ തോൽവിയിൽനിന്ന് പാഠം ഉൾക്കൊണ്ട് പിഴവുകൾ തിരുത്താനുള്ള അവസരം ടീം ഇന്ത്യക്ക് ഉണ്ടായിട്ടും പ്രയോജനപ്പെടുത്തിയില്ല. എല്ലാവരും ഐ.പി.എൽ കളിക്കാനുള്ള തിരക്കിലായിരുന്നു. പിന്നാലെ കാര്യമായ മുന്നൊരുക്കമൊന്നും ഇല്ലാതെയാണ് ടീം അംഗങ്ങൾ ടെസ്റ്റ് കളിക്കാനായി ഓവലിലെത്തിയത്.

ഇന്ത്യയിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയയെ 2-1ന് തകർത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ ഫൈനൽ കളിക്കാനെത്തിയത്. സ്പിന്നർമാരെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളിൽ അന്ന് രവീന്ദ്ര ജദേജയും ആർ. ആശ്വിനും നഥാൻ ലിയോണുമായിരുന്നു താരങ്ങൾ. മൂന്നു ദിവസം മാത്രമാണ് ടെസ്റ്റ് മത്സരങ്ങൾ നീണ്ടുനിന്നത്. ആദ്യ സെഷൻ മുതൽ ടേണിങ്ങിനെ തുണക്കുന്ന പിച്ചുകളിൽ ആധിപത്യം നേടാനായതിന്‍റെ കപട ആത്മവിശ്വാസവുമായാണ് ഇന്ത്യൻ ടീം ടെസ്റ്റ് ഫൈനൽ കളിക്കാനെത്തിയതെന്ന് മുൻ സ്പിൻ ഇതിഹാസം ഹർഭജൻ സിങ് വിമർശിച്ചു.

ഒരു ടെസ്റ്റ് മത്സരം ജയിക്കാൻ അഞ്ച് ദിവസം എങ്ങനെ കഠിനാധ്വാനം ചെയ്യണമെന്ന കാര്യം കളിക്കാർ പഠിക്കേണ്ടതുണ്ടെന്നും ഹർഭജൻ പറഞ്ഞു. ‘ആദ്യ പന്തിൽ തന്നെ ടേണിങ് ലഭിക്കുന്ന മോശം പിച്ചുകളിൽ കളിക്കുകയും ജയിക്കുകയും ചെയ്തതിനുശേഷമുള്ള കപട ആത്മവിശ്വാസവുമായി നിങ്ങൾക്ക് പോരാടാനാകില്ല. അഞ്ചു ദിവസവും കഠിനാധ്വാനം ചെയ്യാനുള്ള ശീലം നിങ്ങൾ വളർത്തിയെടുക്കണം. എങ്കിൽ മാത്രമേ ഇത്തരം വലിയ മത്സരങ്ങൾക്കായി നിങ്ങൾക്ക് ഒരുങ്ങാനാകു’ -ഹർഭജൻ സ്റ്റാർ സ്പോർട്സിനോട് പ്രതികരിച്ചു.

Tags:    
News Summary - Harbhajan Singh Blasts Indian Team After WTC Final Defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.