'എനിക്ക് നേരത്തെ അറിയാമായിരുന്നു!'; ഇന്ത്യൻ വിജയത്തിൽ ഹാർദിക് പാണ്ഡ്യ പറയുന്നു

ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയത്തിൽ നിർണായകമായത് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പ്രകടനമാണ്. ഇന്ത്യ-പാക് പോരിന്‍റെ സൗന്ദര്യവും ആവേശവും അനിശ്ചിതാവസ്ഥയും അവസാന ഓവർ വരെ നിറഞ്ഞുനിന്ന മത്സരത്തിൽ സിക്സർ പറത്തിയാണ് താരം ടീമിനെ വിജയത്തിലെത്തിച്ചത്.

മത്സരത്തിൽ നിർണായകമായ മൂന്നു വിക്കറ്റുകൾ നേടിയ ഹാർദിക് 17 പന്തിൽ 33 റൺസെടുക്കുകയും ചെയ്തു. സമ്മർദങ്ങളില്ലാതെ അനായാസമാണ് അവസാന ഓവറുകളിൽ താരം ബാറ്റ് ചെയ്തത്. തന്നെക്കാളും ഈസമയം ബൗളർമാരാണ് കൂടുതൽ സമ്മർദത്തിലാകുകയെന്ന് താരം പറയുന്നു. 'ഇതുപോലുള്ള ചേസിൽ, നിങ്ങൾ എല്ലായ്പ്പോഴും ഓവർ-ബൈ-ഓവർ ആസൂത്രണം ചെയ്യുന്നു. ഒരു യുവ ബൗളറും (നസീം അല്ലെങ്കിൽ ഷാനവാസ് ദഹാനി) ഒരു ഇടങ്കയ്യൻ സ്പിന്നറും (നവാസ്) ഉണ്ടെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു' -മത്സരശേഷം പാണ്ഡ്യ പറഞ്ഞു.

'അവസാന ഓവറിൽ ഞങ്ങൾക്ക് ഏഴ് റൺസാണ് വേണ്ടിയിരുന്നത്, പക്ഷേ ഞങ്ങൾക്ക് 15 റൺസ് വേണമായിരുന്നെങ്കിൽ പോലും ഞാൻ അതിന് മുതിരുമായിരുന്നു. 20ാം ഓവറിൽ ബൗളർ എന്നെക്കാൾ സമ്മർദത്തിലാണെന്ന് എനിക്കറിയാം. കാര്യങ്ങൾ ലളിതമായി കാണാനാണ് ഞാൻ ശ്രമിച്ചത്' -ഇന്ത്യയുടെ നമ്പർ വൺ ഓൾറൗണ്ടർ കൂട്ടിച്ചേർത്തു.

സാഹചര്യങ്ങൾ വിലയിരുത്തി ബൗൾ എറിയേണ്ടത് പ്രധാനമാണ്. ഷോർട്ട് ബൗളിങ്, ഹാർഡ് ലെങ്ത് എന്നിവയാണ് എന്റെ ശക്തി. ഇത്തരം ബൗളിങ്ങിൽ ബാറ്റർമാർ പിഴവ് വരുത്താനുള്ള സാധ്യത കൂടുതലാണെന്നും താരം പറയുന്നു. പാകിസ്താൻ നായകൻ ബാബർ അസമും ഹാർദിക്കിനെ പ്രശംസിച്ച് രംഗത്തെത്തി. ഹാർദിക് പാണ്ഡ്യ നന്നായി ബാറ്റ് ചെയ്യുകയും ബൗൾ ചെയ്യുകയും ചെയ്തു, അദ്ദേഹം വളരെ മികച്ച ഓൾറൗണ്ടറാണ്. കളി പൂർത്തിയാക്കിയ രീതി ശ്രദ്ധേയമായിരുന്നെന്നും താരം പ്രതികരിച്ചു.

Tags:    
News Summary - Hardik Pandya Opens Up On How He Planned Chase Against Pakistan In Asia Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.