നാടകീയതകൾക്കൊടുവിലാണ് ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയെത്തിയത്. മുംബൈയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നിലനിർത്തിയ താരങ്ങളുടെ പട്ടിക ഗുജറാത്ത് പുറത്തുവിട്ടപ്പോൾ ഹാർദിക്കിന്‍റെ പേരുമുണ്ടായിരുന്നു.
നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ബി.സി.സി.ഐക്ക് കൈമാറേണ്ട അവസാന ദിവസം ഞായറാഴ്ചയായിരുന്നു. ഇതോടെ ഹാർദിക് ഗുജറാത്തിൽ തന്നെ തുടരുമെന്ന് ഏവരും ഉറപ്പിച്ചു. രാത്രി വൈകി അപ്രതീക്ഷിതമായാണ് താരത്തെ മുംബൈ 15 കോടിക്ക് സ്വന്തമാക്കിയെന്ന വാർത്ത പുറത്തുവരുന്നത്. ടീമുകൾ തമ്മിലുള്ള താര കൈമാറ്റത്തിന് ഡിസംബർ 12 വരെ സമയമുണ്ട്.
മുംബൈയിലേക്കുള്ള മടങ്ങിവരവിൽ ഹാർദിക് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. 2015ലെ ഐ.പി.എൽ ലേലത്തിന്റെയും പരിശീലത്തിന്‍റെയും ദൃശ്യങ്ങൾക്കൊപ്പം ഒരു ചെറുകുറിപ്പും താരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഒരുപാട് നല്ല ഓർമകൾ തിരികെയെത്തുന്നു. മുംബൈ, വാംഖഡെ.... തിരിച്ചുവരാനായതിൽ സന്തോഷം തോന്നുന്നു’ -ഹാർദിക് എക്സിൽ കുറിച്ചു.
അടിസ്ഥാന വിലയായ 10 ലക്ഷം രൂപക്കാണ് 2015ൽ ഹാർദിക്കിനെ മുംബൈ ടീമിലെടുക്കുന്നത്. 2022ലാണ് ഗുജറാത്തിലേക്ക് കൂടുമാറുന്നത്. 2022 അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്തിനെ ഹാർദിക് കിരീടമണിയിച്ചു. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പർ കിങ്സിനോട് പരാജയപ്പെട്ടു. 15 കോടി രൂപ മൂല്യമുള്ള ഹാർദിക്കിനെ സ്വന്തമാക്കാൻ പഴ്സിൽ പണം ബാക്കിയില്ലെന്നതായിരുന്നു മുംബൈ നേരിട്ട പ്രധാന വെല്ലുവിളി.
ഇതിനായി കഴിഞ്ഞവർഷത്തെ ലേലത്തിൽ 17.5 കോടി രൂപക്ക് സ്വന്തമാക്കിയ ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു കൈമാറി. എട്ടു കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. യുവതാരം ശുഭ്മൻ ഗില്ലാണ് ഗുജറാത്തിന്‍റെ പുതിയ നായകൻ. ഹാർദിക്കിന്‍റെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഗുജറാത്ത് ടൈറ്റൻസ് ഡയറക്ടർ വിക്രം സോളങ്കി പ്രസ്താവനയിൽ പറഞ്ഞു. രണ്ടു സീസണുകളിൽ ടീമിനെ നയിച്ച ഹാർദിക് വലിയ കാര്യങ്ങളാണു ചെയ്തതെന്നും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.