കമ്മിൻസിന് ഹാട്രിക്; സൂപ്പർ എട്ട് പോരാട്ടം ജയത്തോടെ തുടങ്ങി ഓസീസ്

ആന്റിഗ്വ: പാറ്റ് കമ്മിൻസിന്റെ ഹാ​ട്രിക്കിന്റെയും ഡേവിഡ് വാർണറുടെ അർധസെഞ്ച്വറിയുടെയും മികവിൽ ബംഗ്ലാദേശിനെ വീഴ്ത്തി സൂപ്പർ എട്ട് പോരാട്ടം ജയത്തോടെ തുടങ്ങി ആസ്ട്രേലിയ. മഴ വില്ലനായെത്തിയ മത്സരത്തിൽ ഡി.എൽ.എസ് നിയമപ്രകാരം 28 റൺസിനാണ് ഓസീസ് ജയിച്ചുകയറിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ (36 പന്തിൽ 41), തൗഹീദ് ഹൃദോയ് (28 പന്തിൽ 40) എന്നിവർക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. 18ാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ മഹ്മൂദുല്ല, മെഹ്ദി ഹസൻ എന്നിവരെ പുറത്താക്കിയ കമ്മിൻസ് അവസാന ഓവറിലെ ആദ്യ പന്തിൽ തൗഹീദ് ഹൃദോയിയെയും മടക്കിയാണ് ഹാട്രിക്കിലെത്തിയത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് കമ്മിൻസിന്റേത്.

തൻസീദ് ഹസൻ (0), ലിട്ടൺ ദാസ് (16), റിഷാദ് ഹുസൈൻ (2), ഷാകിബുൽ ഹസൻ (8), മഹ്മൂദുല്ല (2), മെഹ്ദി ഹസൻ (0) എന്നിവർ ബംഗ്ലാദേശ് നിരയിൽ പൊരുതാതെ കീഴടങ്ങി. ടസ്കിൻ അഹ്മദ് (13), തൻസീം ഹസൻ ശാകിബ് (4) എന്നിവർ പുറത്താകാതെനിന്നു. ഓസീസിനായി ആദം സാംബ രണ്ടും മിച്ചൽ സ്റ്റാർക്ക്, മാർക് സ്റ്റോയിനിസ്, ​െഗ്ലൻ മാക്സ്വെൽ എന്നിവർ ഒാരോന്നും വിക്കറ്റെടുത്തു.

141 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയക്കായി ഓപണർമാരായ ഡേവിഡ് വാർണറും (35 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം പുറത്താവാതെ 53), ട്രാവിസ് ഹെഡും (21 പന്തിൽ 31) ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. 6.5 ഓവറിൽ 65 റൺസ് ചേർത്ത കൂട്ടുകെട്ട് റിഷാദ് ഹുസൈനാണ് പൊളിച്ചത്. ട്രാവിസ് ഹെഡിനെ താരം ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ മിച്ചൽ മാർഷ് (1) വന്നയുടൻ മടങ്ങിയെങ്കിലും ​െഗ്ലൻ മാക്സ്വെൽ (ആറ് പന്തിൽ 14) വാർണർക്കൊപ്പം അതിവേഗം റൺസ് ചേർക്കവേ മഴയെത്തുകയായിരുന്നു. കളി പുനരാരംഭിക്കാൻ കഴിയാതായതോടെ 11.2 ഓവറിൽ 100 റൺസിലെത്തിയ ഓസീസ് ഡി.എൽ.എസ് നിയമപ്രകാരം 28 റൺസിന് ജയിക്കുകയായിരുന്നു. റിഷാദ് ഹുസൈനാണ് ബംഗ്ലാദേശിനായി രണ്ട് വിക്കറ്റും നേടിയത്.    

Tags:    
News Summary - Hat-trick for Cummins; Aussies started the Super Eight match with a win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.