‘ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർ അവനാണ്’, ട്വന്റി ട്വന്റി ലോകകപ്പ് മെഡൽ അർഹിക്കുന്ന താരം...! - യുവരാജ് സിങ്

ഇന്ത്യയുടെ ഇതിഹാസ ബാറ്റർ വിരാട് കോഹ്‍ലിയെ വാനോളം പുകഴ്ത്തി മുൻ സ്റ്റാർ ഓൾറൗണ്ടർ യുവരാജ് സിങ്. എല്ലാ ഫോർമാറ്റുകളിലും "ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റർ" എന്നാണ് യുവി കോഹ്‍ലിയെ വിശേഷിപ്പിച്ചത്. ഇക്കഴിഞ്ഞ ലോകകപ്പിൽ കോഹ്‍ലിയായിരുന്നു റൺവേട്ടയിൽ ഒന്നാമത്. ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ, ആറാം തവണയും കളിക്കാനിറങ്ങുന്ന കോഹ്‌ലിയുടെ ലക്ഷ്യം കൊതിപ്പിക്കുന്ന ട്രോഫിയിലേക്കാണ്.

35-കാരനായ കോഹ്‍ലി എന്തുകൊണ്ടാണ് ഇത്രയും സ്പെഷ്യൽ ആകുന്നതെന്നും യുവി വിശദീകരിച്ചു. ടി20 ലോകകപ്പ് മെഡൽ സ്വന്തമാക്കാൻ കോഹ്‍ലിയേക്കാൾ യോഗ്യനായ മറ്റാരുമില്ലെന്നാണ് യുവരാജ് പറയുന്നത്. ഒരു ലോകകപ്പ് ട്രോഫി കൂടി വീട്ടിലേക്ക് കൊണ്ടുപോകാൻ കോഹ്‌ലി അർഹനാണെന്നും 2011 ലോകകപ്പിലെ മാൻ ഓഫ് ദ ടൂർണമെന്റായ യുവരാജ് പറഞ്ഞു,

"ഈ കാലഘട്ടത്തിലെ എല്ലാ റെക്കോഡുകളും അവൻ തീർച്ചയായും തകർത്തിട്ടുണ്ട്. എല്ലാ ഫോർമാറ്റുകളിലെയും ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്ററാണ് കോഹ്‍ലിയെന്ന് എനിക്ക് തോന്നുന്നു. കൂടാതെ അദ്ദേഹം ലോകകപ്പ് മെഡൽ അർഹിക്കുന്ന ഒരാളാണ്. ഇപ്പോൾ ഒന്ന് കൈയ്യിലുണ്ട്, പക്ഷെ എനിക്ക് ഉറപ്പുണ്ട്. ഒന്നിൽ അവൻ തൃപ്തനല്ല, അദ്ദേഹം തീർച്ചയായും ആ മെഡലിന് അർഹനാണെന്ന് ഞാൻ കരുതുന്നു, ” -യുവരാജ് ഐസിസിയുമായുള്ള ഒരു ചാറ്റിൽ പറഞ്ഞു.

‘‘അവന്‍ പ്രാക്ടീസ് ചെയ്യുമ്പോഴും നെറ്റ്‌സില്‍ കളിക്കുമ്പോഴുമെല്ലാം വെറുതെ വീശിയടിക്കുക മാത്രമല്ല ചെയ്യുന്നത്. മത്സരങ്ങളിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ബാറ്റ് ചെയ്യാറുള്ളത്. അത് ആവര്‍ത്തിച്ച് ശീലമാക്കിയെടുത്തു. എല്ലാവരിലും ഞാൻ ആ രീതി കണ്ടിട്ടില്ല. അതാണ് അവന്റെ വിജയത്തിന് പിന്നിലുള്ള കാരണം’’- യുവി പറയുന്നു.

''സ്വന്തം ഗെയിമിനെ കുറിച്ച് അവന്‍ ഏറ്റവും നന്നായി മനസിലാക്കാറുണ്ട്. അവസാനം വരെ ക്രീസിലുണ്ടെങ്കില്‍ ഇന്ത്യയെ ജയിപ്പിക്കാൻ തനിക്ക് സാധിക്കുമെന്ന് അവനു തന്നെ ബോധ്യമുണ്ട്. സാഹചര്യം മനസിലാക്കുകയും ചേസ് ചെയ്യാനുള്ള ആത്മവിശ്വാസവും ഉണ്ടെങ്കില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് കോഹ്‍ലിക്ക് നന്നായറിയാം. ഏത് ബൗളറെയാണ് ആക്രമിച്ച് കളിക്കേണ്ടത്, ഏത് ബൗളറെ നേരിടുമ്പോഴാണ് സിംഗിളുകഹ ഇടേണ്ടത്, എങ്ങനെ സമ്മര്‍ദ്ധങ്ങളെ അതിജീവിക്കണം, എപ്പോഴാണ് ഗെയിം മാറ്റേണ്ടത് തുടങ്ങിയ കാര്യങ്ങളെല്ലാം അറിയാം'' -യുവരാജ് കൂട്ടിച്ചേർത്തു.

Tags:    
News Summary - he is the 'Best batter of this generation': Yuvraj Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.