'കൊക്കെയ്ന് അടിമയായിരുന്നു'; പറയുന്നത് പാക് ക്രിക്കറ്റ് ഇതിഹാസം

പാകിസ്താൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായിരുന്നു വാസിം അക്രം. പാകിസ്താന്‍റെ 1992ലെ ഏകദിന ലോകകപ്പ് വിജയത്തിൽ താരം നിർണായക പങ്കുവഹിച്ചു.

1999ലെ ലോകകപ്പിൽ ടീം ഫൈനലിലെത്തുന്നത് അക്രമിന്‍റെ ക്യാപ്റ്റൻസിയിലായിരുന്നു. മുൻ നായകന്‍റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. താൻ കൊക്കെയ്ന് അടിമയായിരുന്നുവെന്നാണ് താരം പറയുന്നത്. അടുത്ത് പുറത്തിറങ്ങാൻ പോകുന്ന ആത്മകഥയിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്.

ടൈംസിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ടെലിവിഷൻ അവതാരകനായി ജോലി ചെയ്യാൻ തുടങ്ങിയതോടെയാണ് താരം കൊക്കെയ്ൻ ഉപയോഗം തുടങ്ങിയത്. അക്രമിന്റെ ആദ്യ ഭാര്യ ഹുമ 2009ൽ അപൂർവ ഫംഗസ് രോഗത്തെ തുടർന്നാണ് മരിച്ചത്.

'ദക്ഷിണേഷ്യയിലെ പ്രശസ്തിയുടെ സംസ്കാരം വശീകരണവും ലഹരിയും അഴിമതി നിറഞ്ഞതുമാണ്. നിങ്ങൾക്ക് ഒരു രാത്രി 10 പാർട്ടികളിൽ പോകാം, ചിലർ പോകുന്നുണ്ട്. അത് എന്നെയും ബാധിച്ചു. എന്നെ ലഹരിയുടെ ലോകത്തുനിന്ന് വിമോചിപ്പിക്കുക എന്നതായിരുന്നു ഹുമയുടെ അവസാന നാളുകളിലെ വെല്ലുവിളി. അത് ഫലിച്ചു. പിന്നീട് ഞാൻ തിരിഞ്ഞുനോക്കിയിട്ടില്ല' -വാസിം അക്രം പറഞ്ഞു.

ഇംഗ്ലണ്ടിലായിരുന്നപ്പോൾ ആദ്യമൊക്കെ ലഹരി ഉപയോഗം ഞാൻ രഹസ്യമായി സൂക്ഷിച്ചിരുന്നു. പിന്നീട് കാര്യങ്ങൾ പിടിവിട്ടു. ഈസമയങ്ങളിലെല്ലാം ഹുമ ഒറ്റക്കായിരുന്നു. കറാച്ചിയിലെ അവളുടെ രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും അടുത്തേക്ക് താമസം മാറുന്നതിനെ കുറിച്ച് ആഗ്രഹിച്ചിരുന്നെങ്കിലും ഞാൻ സമ്മതിച്ചില്ലെന്നും അക്രം കൂട്ടിച്ചേർത്തു.

പാകിസ്താനായി 104 ടെസ്റ്റുകൾ കളിച്ച താരം 414 വിക്കറ്റും 356 ഏകദിനങ്ങളിൽനിന്നായി 502 വിക്കറ്റും നേടിയിട്ടുണ്ട്.

Tags:    
News Summary - He Was Addicted To Cocaine -Former Pakistan Captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.