സിംബാബ്വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. സിംബാബ്‌വെ മെറ്റാബെലെലാൻഡിലെ വസതിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഭാര്യ നദിൻ സ്ട്രീക്കാണ് മരണവിവരം സ്ഥിരീകരിച്ചത്.
സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലമായ 1990 മുതൽ 2000ത്തിന്‍റെ തുടക്കം വരെയുള്ള കാലയളവിൽ ടീമിന്‍റെ നെടുന്തൂണായിരുന്നു ഓൾ റൗണ്ടറായ ഹീത്ത് സ്ട്രീക്ക്. സിംബാബ്‌വെ ടീമിന്‍റെ നായകനായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
4933 റൺസും 455 വിക്കറ്റുകളും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ സിംബാബ്‌വെക്കായി കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയാണ്. 2005ലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. പിന്നാലെ പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.പി.എലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായിരുന്നു. ബംഗ്ലദേശ്, സിംബാബ്‍വെ ടീമുകളെയും പരിശീലിപ്പിച്ചു.
ഹീത്ത് സ്ട്രീക്ക് മരിച്ചതായി കഴിഞ്ഞയാഴ്ച അഭ്യൂഹങ്ങൾ വന്നിരുന്നെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ടവർ നിഷേധിച്ചിരുന്നു. സ്ട്രീക്ക് മരിച്ചെന്ന റിപ്പോർട്ടുകൾ തിരുത്തി മുൻ സിംബാബ്‌വെ താരം ഹെൻറി ഒലോങ്ക രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.