ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് തോൽവിയേറ്റുവാങ്ങിയ ക്ഷീണം തീരാത്ത കംഗാരുക്കൾ വീണ്ടും കലിപ്പുമായി രംഗത്ത്. അതിദയനീയമായ നടപടിയാണ് ഇന്ത്യ സ്വീകരിച്ചതെന്നും അതാണ് കളി അതിവേഗം തീർത്തതെന്നുമാണ് ആസ്ട്രേലിയൻ ഇതിഹാസം ഇയാൻ ഹീലിക്ക് പരിഭവം.
‘‘നാഗ്പൂർ വിക്കറ്റിൽ അൽപം പരിശീലന സെഷനുകൾ ഉദ്ദേശിച്ചിരുന്നത് അട്ടിമറിച്ചത് വേദനിപ്പിക്കുന്നതാണ്. അത് ശരിയല്ല. ക്രിക്കറ്റിന് ചേർന്നതുമല്ല. ഐ.സി.സി ഇക്കാര്യത്തിൽ ഇടപെട്ടേ തീരൂ. പ്രാക്ടീസിന് ചോദിച്ചപ്പോൾ അസമയത്ത് പിച്ച് നനക്കുന്ന നടപടി ഞെട്ടിക്കുന്നതാണ്’’- ഇയാൻ ഹീലി പറഞ്ഞു.
ഇന്നിങ്സിനും 132 റൺസിനും തോറ്റ ആദ്യ ടെസ്റ്റ് ആരംഭിക്കുംമുമ്പേ നാഗ്പൂർ വിക്കറ്റിനെ കുറിച്ച് പരാതിയുമായി ആസ്ട്രേലിയ രംഗത്തെത്തിയിരുന്നു. ഐ.സി.സി ഇടപെടണമെന്നായിരുന്നു അന്നും ആവശ്യം.
ഒന്നാം ഇന്നിങ്സിൽ 177 റൺസിന് എല്ലാവരും പുറത്തായ കംഗാരുക്കൾക്കെതിരെ 400 റൺസ് അടിച്ചുകൂട്ടിയാണ് ഇന്ത്യ വൻ ലീഡ് പിടിച്ചത്. മറുപടി ബാറ്റിങ്ങിൽ മൂന്നക്കം കടക്കാനാവാതെ മടങ്ങിയതോടെ സമാനതകളില്ലാത്ത തോൽവിയുമായി സന്ദർശകർ മടങ്ങി. ഇതിനു പിന്നാലെയാണ് വീണ്ടും പിച്ചിനെ പഴിച്ച് ടീം രംഗത്തെത്തിയത്.
സ്പിന്നർമാർക്ക് അനുകൂലമാണ് പിച്ചെന്ന് നേരത്തെ അഭിപ്രായമുണ്ടായിരുന്നു. ഇന്ത്യൻ നിരയിൽ രവീന്ദ്ര ജഡേജ, അശ്വിൻ എന്നിവർ ചേർന്നാണ് ഓസീസ് കുരുതി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.