ലണ്ടൻ: പേസർമാർക്ക് പഞ്ഞമില്ലാത്ത പാകിസ്താനിൽ എക്കാലത്തെയും മികച്ച ബൗളർമാരുടെ കൂട്ടത്തിൽ മുഹമ്മദ് ആമിർ എന്ന 31 കാരനുമുണ്ടായിരിക്കും. വാതുവെപ്പ് കേസുകളിൽപെട്ട് കരിയർ ബ്രേക്ക് സംഭവിച്ചില്ലായിരുന്നെങ്കിൽ ലോകത്തെ എണ്ണംപറഞ്ഞ ഫാസ്റ്റ് ബൗളറാകുമായിരുന്നു ആമിർ.
2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച പാക് താരം ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഐ.പി.എല്ലിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന്റെ പേരിലാണ്.
പാക് താരങ്ങൾക്ക് വിലക്കുള്ള ഐ.പി.എല്ലിൽ കളിക്കുന്നതെന്നങ്ങനെ എന്ന സംശയം സ്വാഭാവികമാണ്. പക്ഷേ, ആമിറിന് കാര്യങ്ങൾ എളുപ്പമാണ്. മുൻ പാക് താരം ഇപ്പോൾ ബ്രിട്ടീഷ് പൗരനാണ്. 2016ല്‍ ബ്രിട്ടീഷ് അഭിഭാഷകയായ നര്‍ജിസ് ഖാനെ വിവാഹം കഴിച്ചതോടെയാണ് ബ്രിട്ടനിലേക്ക് ചേക്കേറിയത്. ഒരു വർഷത്തിനകം ആമിറിന് ബ്രിട്ടീഷ് പാസ്പോര്‍ട്ട് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാസ്പോർട്ട് ലഭിച്ചാൽ ഇംഗ്ലണ്ട് ദേശീയടീമിന് വേണ്ടി കളിച്ചേക്കുമെന്ന് വാർത്തകളുണ്ട്.
എന്നാൽ, ഇംഗ്ലണ്ടിന് വേണ്ടി കളിക്കാൻ നിലവിൽ പദ്ധതിയില്ലെന്നാണ് ആമിർ പറയുന്നത്. പക്ഷേ, ഐ.പി.എല്ലിൽ കളിക്കുന്നത് വലിയ ആഗ്രഹമായി ആമിർ കൊണ്ടുനടക്കുന്നുണ്ട്. ബ്രിട്ടീഷ് പാസ്പോർട്ട് ലഭിച്ചാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ തടസമൊന്നും ഉണ്ടാകില്ല. 2024ൽ ഐ.പി.എൽ ടീമിൽ അംഗമാകാൻ ഒരുങ്ങുകയാണ് ആമിർ.
ബ്രിട്ടീഷ് പാസ്‌പോർട്ട് നേടിയ ശേഷം തന്റെ നീക്കങ്ങളെ കുറിച്ച് ആമിർ പറയുന്നു...
“എനിക്ക് ഒരു വർഷമുണ്ട്. സാഹചര്യം എന്തായിരിക്കുമെന്ന് എനിക്കറിയില്ല. ഞാൻ എപ്പോഴും പടിപടിയായി നീങ്ങുകയാണ്. ഒരു വർഷത്തിനുശേഷം ഞാൻ എവിടെയായിരിക്കുമെന്ന് എനിക്കറിയില്ല. ഭാവിയെക്കുറിച്ച് ആർക്കും അറിയില്ലല്ലോ. എനിക്ക് പാസ്‌പോർട്ട് ലഭിക്കുമ്പോൾ, എനിക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അവസരം ഞാൻ തീർച്ചയായും പ്രയോജനപ്പെടുത്തും, ” മുഹമ്മദ് ആമിർ പറഞ്ഞു.
2009ലാണ് പാകിസ്താൻ താരങ്ങൾക്ക് ഐ.പി.എല്ലിൽ വിലക്ക് ഏർപ്പെടുത്തിയത്. അതിന് ശേഷം ഒരേ ഒരുപാക് താരം മാത്രമാണ് ഐ.പി.എല്ലിൽ കളിച്ചിട്ടുള്ളത്. 2011ൽ ബ്രിട്ടീഷ് പൗരത്വം ലഭിച്ചശേഷം അസ്ഹർ മഹമൂദാണ് ഐ.പി.എല്ലിൽ കളിച്ചത്. കിങ്സ് ഇലവൻ പഞ്ചാബിന്റെ കളിക്കാരനായിരുന്നു അസ്ഹർ മഹമൂദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.