ന്യൂഡൽഹി: നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമായത്. 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് മുതൽ ട്വന്റി 20 ക്രിക്കറ്റ്, ബേസ്ബാൾ/സോഫ്റ്റ് ബാൾ, ഫ്ലാഗ് ഫുട്‌ബാൾ, ലാക്രോസ്, സ്‌ക്വാഷ് എന്നിവ ഉൾപ്പെടുത്തുമെന്നാണ് ഐ.ഒ.സിയുടെ പുതിയ തീരുമാനം. എന്നാൽ, ക്രിക്കറ്റിനെ ഒളിമ്പിക്സിന്റെ ഭാഗമാക്കിയതിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിക്കുള്ള പങ്ക് എന്തായിരിക്കും.
ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് ഓർഗനൈസിങ് കമ്മിറ്റി ഡയറക്ടർ നിക്കോളോ കാംപ്രിയാനി ഐ.ഒ.സി സെഷനിൽ പറഞ്ഞതിങ്ങനെ...,
"എന്റെ സുഹൃത്ത് വിരാട് കോഹ്‌ലി ഇവിടെയുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സുള്ള മൂന്നാമത്തെ കളിക്കാരനാണ് അദ്ദേഹം. 340 മില്യൺ ഫോളോവേഴ്സുണ്ട്. ലെബ്രോൺ ജെയിംസും (എൻ.ബി.എ ബാസ്‌ക്കറ്റ്‌ബാൾ താരം) ടോം ബ്രാഡിയും (അമേരിക്കൻ ഫുട്ബോൾ ഐക്കൺ) ടൈഗർ വുഡ്സും (ഗോൾഫ് ഇതിഹാസം) ചേർന്നാലും കോഹ്‌ലിക്കൊപ്പമെത്തില്ല. പുതിയ തീരുമാനം ഐ.ഒ.സിക്കും ക്രിക്കറ്റ് കമ്യൂണിറ്റിക്കും വലിയ നേട്ടമുണ്ടാക്കും. കാരണം ക്രിക്കറ്റ് ഒരു ആഗോള വേദിയിൽ പ്രദർശിപ്പിക്കും, ഇത് പരമ്പരാഗത ക്രിക്കറ്റ് രാജ്യങ്ങൾക്കപ്പുറത്തേക്ക് വളരാൻ ഇടയാക്കും." - നിക്കോളോ കാംപ്രിയാനി പറഞ്ഞു.
'കോഹ്‌ലിഫൈഡ്' എന്ന ഗംഭീര തലക്കെട്ട് നൽകിയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഈ വാർത്തയോട് പ്രതികരിച്ചത്.
25,000-ത്തിലധികം അന്താരാഷ്ട്ര റൺസും 77 സെഞ്ച്വറികളും നേടിയ ലോകത്തെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വിരാടിന്റെ പേര് ചടങ്ങിനിടെ പരാമർശിച്ചതിൽ അതിശയിക്കാനില്ലെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ കുറിക്കുന്നത്.
128 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തിങ്കളാഴ്ചയാണ് സ്ഥിരീകരിച്ചത്. 1900-ലെ പാരീസ് ഒളിമ്പിക്‌സിലാണ് ക്രിക്കറ്റ് അവാസാനമായി ഉൾപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.