ഹൈദരാബാദ്: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഹൈദരാബാദ് സൺറൈസേഴ്സിന് 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷട്ത്തിലാണ് 165 റൺസ് അടിച്ചെടുത്തത്. 24 പന്തിൽ നാല് സിക്സും രണ്ട് ഫോറുമടക്കം 45 റൺസെടുത്ത ശിവം ദുബെയാണ് ചെന്നൈ നിരയിൽ തിളങ്ങിയത്.
ഓപണർമാരായ രചിൻ രവീന്ദ്രയും (9 പന്തിൽ 12), ഋതുരാജ് ഗെയ്ക്‍വാദും (21 പന്തിൽ 26) ചേർന്ന് ആദ്യ വിക്കറ്റിൽ 3.1 ഓവറിൽ 25 റൺസ് ചേർത്ത് വഴിപിരിയുകയായിരുന്നു. രചിൻ രവീന്ദ്രയെ ഭുവനേശ്വർ കുമാറിന്റെ പന്തിൽ എയ്ഡൻ മർക്രാമും ഗെയ്ക്‍വാദിനെ ഷഹ്ബാസ് അഹ്മദിന്റെ പന്തിൽ അബ്ദുൽ സമദും പിടികൂടി. തകർപ്പനടികളിലൂടെ പ്രതീക്ഷ നൽകിയ ശിവം ദുബെ പാറ്റ് കമ്മിൻസിന്റെ പന്തിൽ ഭുവനേശ്വൻ കുമാറിന്റെ കൈയിലൊതുങ്ങുമ്പോൾ ചെന്നൈ 13.4 ഓവറിൽ മൂന്നിന് 119 റൺസെന്ന നിലയിലെത്തിയിരുന്നു.
എന്നാൽ, തുടർന്നെത്തിയവർക്കൊന്നും സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിക്കാനായില്ല. 30 പന്തിൽ ഒരു സിക്സും രണ്ട് ഫോറുമടക്കം 35 റൺസെടുത്ത അജിൻക്യ രഹാനെയെ ഉനദ്കട്ട് മായങ്ക് മാർക്കണ്ഡെയുടെ കൈയിൽ എത്തിച്ചതോടെ ചെന്നൈ പ്രതിസന്ധിയിലായി. അവസാന ഓവറിലെ മൂന്നാം പന്തിൽ 13 റൺസുമായി ഡാറിൽ മിച്ചലും മടങ്ങി. രവീന്ദ്ര ജദേജയും (23 പന്തിൽ പുറത്താകാതെ 31), എം.എസ് ധോണിയും (രണ്ട് പന്തിൽ ഒന്ന്) പുറത്താകാതെ നിന്നു. അവസാന രണ്ട് ഓവറിൽ 13 റൺസ് മാത്രമാണ് ചെന്നൈക്ക് അടിച്ചെടുക്കാനായത്.
ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ, പാറ്റ് കമ്മിൻസ്, ഷഹ്ബാസ് അഹ്മദ്, ജയദേവ് ഉനദ്കട്ട്, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.