മുംബൈ: രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ടീമിന്‍റെ പുതിയ ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യൻസിന്‍റെ തീരുമാനത്തിൽ ഒരുവിഭാഗം ആരാധകർ ഇപ്പോഴും വലിയ പ്രതിഷേധത്തിലാണ്. ഐ.പി.എൽ സീസണിലെ ആദ്യത്തെ നാലു മത്സരങ്ങളിലും ഹാർദിക്കിനെ ആരാധകർ കൂവിവിളിച്ചിരുന്നു. കളിച്ച അഞ്ചു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്.
സീസണൊടുവിൽ രോഹിത് മുംബൈ വിടുമെന്നും അഭ്യൂഹങ്ങളുണ്ട്. രോഹിത്തുമായി ബന്ധപ്പെട്ട് കൂടുതൽ ഉയർന്നുകേൾക്കുന്ന ടീമുകളൊന്ന് സൂപ്പർതാരം എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ്. കാൽമുട്ടിലെ പരിക്ക് വലക്കുന്ന ധോണി സീസണൊടുവിൽ ഐ.പി.എല്ലിനോടും വിടപറയുമെന്നാണ് പുറത്തുവരുന്ന വിവരം. ടീമിന്‍റെ നായക പദവി ഋതുരാജ് ഗെയ്‌ക്‌വാദിന് കൈമാറിയത് അതിന്‍റെ സൂചനയായാണ് ചൂണ്ടിക്കാട്ടുന്നത്.
ഒരു സൂപ്പർതാരം പോകുമ്പോൾ ആ സ്ഥാനത്തേക്ക് മറ്റൊരു സൂപ്പർതാരം വരുമെന്നും അത് രോഹിത്താകുമെന്നും മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ പറയുന്നു. ഒരു പോഡ്കാസ്റ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വോൺ ഇക്കാര്യം വ്യക്തമാക്കിയത്. ‘രോഹിത് ശർമ ചെന്നൈയിലേക്ക് പോകുമോ? ധോണിക്ക് പകരക്കാരനാകുമോ? ഗെയ്‌ക്‌വാദാണ് സീസണിൽ ടീമിന്‍റെ ക്യാപ്റ്റൻ, അടുത്ത വർഷം രോഹിത്തിനായി മാറ്റിവെച്ചതാണ് ഈ ക്യാപ്റ്റൻസി. രോഹിത് ചെന്നൈയിലെത്തും’ -വോൺ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ അത് ഹൃദയഭേദകമായിരിക്കുമെന്നാണ് ഇതിനോട് അവതാരകൻ രൺവീർ അലാബാദിയ പ്രതികരിച്ചത്.
മുംബൈ ആരാധകർക്ക് അത് താങ്ങാനാവില്ല. രോഹിത് സൺറൈസേഴ്‌സ് ഹൈദരാബാദിലേക്ക് പോകുന്നതിൽ തനിക്ക് പ്രശ്‌നമില്ല; ഡെക്കാൻ ചാർജേഴ്സിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്, അത് വൈകാരികമായ തിരിച്ചുപോക്കാകുമെന്നും രൺവീൻ കൂട്ടിച്ചേർത്തു. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമുകളാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും. അഞ്ചു തവണയാണ് ഇരുടീമുകളും ചാമ്പ്യന്മാരായത്. ധോണിക്കും രോഹിത്തിനും കീഴിലാണ് ഈ കിരീട നേട്ടങ്ങളെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.