മുംബൈ: ഐ.പി.എല്ലിലെ കൊൽക്കത്തക്കെതിരായ തോൽവിയിൽ പ്രതികരിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. യുദ്ധക്കളം വിട്ട് പോകില്ലെന്നും ഇനിയും പൊരുതുമെന്നുമാണ് ഹാർദിക് പാണ്ഡ്യയുടെ പ്രതികരണം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കൂടി തോൽവി വഴങ്ങിയതോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച നിലയിലാണ്. ഇനിയുള്ള മത്സരങ്ങൾ മുഴുവൻ ജയിച്ചാലും മറ്റുള്ള ടീമുകളുടെ ഫലത്തെ കൂടി ആശ്രയിച്ചിരിക്കും മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ്. ഇതിനിടയിലാണ് തോൽവികളിൽ പ്രതികരണവുമായി ഹാർദിക് പാണ്ഡ്യ രംഗത്തെത്തിയത്.
കൊൽക്കത്തക്കെതിരായ മത്സരത്തിൽ നല്ല ബാറ്റിങ് പാർട്നർഷിപ്പ് ഉണ്ടാക്കാൻ മുംബൈക്ക് സാധിച്ചില്ലെന്ന് ഹാർദിക് പറഞ്ഞു. ഞങ്ങൾക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. ട്വന്റി 20യിൽ പാർട്നർഷിപ്പുകൾ ഉണ്ടാക്കിയില്ലെങ്കിൽ അതിന് വില കൊടുക്കേണ്ടി വരും. തനിക്ക് മുന്നിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. എല്ലാത്തിനും ഇപ്പോൾ ഉത്തരം പറയുന്നില്ല. ടീമിനായി മികച്ച പ്രകടനമാണ് ബൗളർമാർ കാഴ്ചവെച്ചതെന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളെ കുറിച്ചുള്ള ചോദ്യത്തിന് യുദ്ധക്കളം വിട്ടുപോകില്ലെന്നും പൊരുതുമെന്നുമായിരുന്നു ഹാർദിക്കിന്റെ മറുപടി. ഇപ്പോൾ ടീമിന് മോശം സമയമാണ് നല്ല സമയം വരുമെന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കഴിഞ്ഞ ദിവസം 24 റൺസിന്റെ തോൽവിയാണ് മുംബൈ വഴങ്ങിയത്. കൊൽക്കത്ത മുന്നോട്ടുവെച്ച 170 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ, 18.5 ഓവറിൽ 145 റൺസിന് ഓൾ ഔട്ടായി. ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്‍റെ തകർപ്പൻ ബൗളിങ്ങാണ് മുംബൈയെ പിടിച്ചുകെട്ടിയത്. താരം 3.5 ഓവറിൽ 33 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രേ റസ്സൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 2012നുശേഷം ആദ്യമായാണ് വാംഖഡെയിൽ കൊൽക്കത്ത മുംബൈയെ പരാജയപ്പെടുത്തുന്നത്.
അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്കോറർ. 35 പന്തിൽ 56 റൺസെടുത്താണ് താരം പുറത്തായത്. ടിം ഡേവിഡ് 20 പന്തിൽ 24 റൺസെടുത്തു. കൃത്യമായ ഇടവേളകളിൽ ടീമിന് വിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായത്. സീസണിൽ മുംബൈയുടെ എട്ടാം തോൽവിയാണിത്.
ഷാൻ കിഷൻ (ഏഴു പന്തിൽ 13), രോഹിത് ശർമ (12 പന്തിൽ 11), നമൻ ധിർ (11 പന്തിൽ 11), തിലക് വർമ (ആറു പന്തിൽ നാല്), നെഹാൽ വധേര (11 പന്തിൽ ആറ്), ഹാർദിക് പാണ്ഡ്യ (മൂന്നു പന്തിൽ ഒന്ന്), ജെറാൾഡ് കോട്സി (ഏഴു പന്തിൽ എട്ട്), പിയൂഷ് ചൗള (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ. ഒരു റണ്ണുമായി ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു.
കൂട്ടത്തകർച്ച മുന്നിൽകണ്ട കൊൽക്കത്തയെ വെങ്കിടേഷ് അയ്യരുടെ അർധ സെഞ്ച്വറി പ്രകടനമാണ് പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 52 പന്തിൽ 70 റൺസെടുത്താണ് വെങ്കിടേഷ് പുറത്തായത്. മൂന്നു സിക്സും ആറു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ബാറ്റിങ്. മനീഷ് പാണ്ഡെ 31 പന്തിൽ 42 റൺസെടുത്തു. മുംബൈക്കുവേണ്ടി നുവാൻ തുഷാരയും ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് വീതം നേടി. ഒരുഘട്ടത്തിൽ 6.1 ഓവറിൽ അഞ്ചു വിക്കറ്റിന് 57 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത. ഫിൽ സാൾട്ട് (മൂന്നു പന്തിൽ അഞ്ച്), സുനിൽ നരെയ്ൻ (എട്ടു പന്തിൽ എട്ട്), അംഗ്ക്രിഷ് രഘുവൻഷി (ആറു പന്തിൽ 13), നായകൻ ശ്രേയസ് അയ്യർ (നാലു പന്തിൽ ആറ്), റിങ്കു സിങ് (എട്ടു പന്തിൽ ഒമ്പത്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
ആറാം വിക്കറ്റിൽ വെങ്കടേഷും മനീഷും ചേർന്ന് നേടിയ 83 റൺസിന്‍റെ കൂട്ടുകെട്ടാണ് ടീമിനെ കരകയറ്റിയത്. ഇരുവരെയും കൂടാതെ രഘുവൻഷി മാത്രമാണ് ടീമിൽ രണ്ടക്കം കടന്നത്. ആന്ദ്രെ റസ്സൽ (രണ്ടു പന്തിൽ ഏഴ്), രമൺദീപ് സിങ് (നാലു പന്തിൽ രണ്ട്), മിച്ചൽ സ്റ്റാർക് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. വൈഭവ് അറോറ പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.