2023ലെ മികച്ച ക്രിക്കറ്റ് താരം; ഐ.സി.സിയുടെ അന്തിമപട്ടികയിൽ രണ്ടു ഇന്ത്യൻ താരങ്ങൾ

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) 2023ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തെ കണ്ടെത്താനുള്ള അന്തിമപട്ടികയിൽ രണ്ടു ഇന്ത്യൻ താരങ്ങൾ. മികച്ച പുരുഷ താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കായി അന്തിമപട്ടികയിൽ നാലു താരങ്ങളാണുള്ളത്.

ഇന്ത്യൻ സൂപ്പർബാറ്റർ വിരാട് കോഹ്ലി, ഓൾ റൗണ്ടർ രവീന്ദ്ര ജദേജ എന്നിവർക്കു പുറമെ, ആസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്, ബാറ്റർ ട്രാവിസ് ഹെഡ് എന്നിവരും അന്തിമ പട്ടികയിൽ ഇടംനേടി. കമ്മിൻസിന്‍റെ നേതൃത്വത്തിലാണ് ഓസീസ് ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ജേതാക്കളായത്. ട്രാവിസാണ് രണ്ടു ഫൈനലുകളിലും സെഞ്ച്വറി പ്രകടനവുമായി ടീമിന്‍റെ വിജയശിൽപിയായത്.

കഴിഞ്ഞവർഷം ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഗംഭീരപ്രകടനമാണ് ക്ലോഹി കാഴ്ചവെച്ചത്. 36 അന്താരാഷ്ട്ര ഇന്നിങ്സുകളിൽനിന്നായി 2048 റൺസ് താരം നേടി. 66.06 ആണ് ശരാശരി. എട്ടു സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. കൂടാതെ, ഏകദിന ലോകകപ്പ് ടൂർണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും കോഹ്ലിയാണ്. 2023ൽ ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും കോഹ്ലിയാണ്.

ലോകകപ്പിൽ തന്നെയാണ് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിന്‍റെ 49 ഏകദിന സെഞ്ച്വറി റെക്കോഡും കോഹ്ലി മറികടന്നത്. ഓൾ റൗണ്ട് പ്രകടനവുമായി ഇന്ത്യയുടെ വിജയകുതിപ്പിൽ ജദേജയും നിർണായക പങ്കുവഹിച്ചു. 28 ഇന്നിങ്സുകളിൽനിന്നായി 613 റൺസിനു പുറമെ, 39 ഇന്നിങ്സുകളിൽനിന്നായി 66 വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്. കോഹ്ലിയും കമ്മിൻസും തമ്മിലാണ് കാര്യമായ മത്സരം നടക്കുന്നത്.

2023ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരത്തിനുള്ള അന്തിമപട്ടികയും ഐ.സി.സി പുറത്തുവിട്ടു. ആസ്ട്രേലിയയുടെ ഉസ്മാൻ ഖ്വാജ, ട്രാവിസ് ഹെഡ്, ഇന്ത്യയുടെ ആർ. അശ്വിൻ, ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് എന്നിവരാണ് പട്ടികയിലുള്ളത്. ഉസ്മാൻ ഖ്വാജക്കാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. 12 ടെസ്റ്റുകളിൽനിന്നായി 1210 റൺസാണ് കഴിഞ്ഞവർഷം താരം നേടിയത്. കഴിഞ്ഞ കലണ്ടർ വർഷം ടെസ്റ്റിൽ 1000ത്തിലധികം റൺസ് നേടിയ ഒരേയൊരു താരമാണ്.

Tags:    
News Summary - ICC announces nominees for Cricketer of the Year 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.