നാലാം തവണയും ഐ.സി.സിയുടെ മികച്ച ഏകദിന താരം; പുരസ്കാരം ഏറ്റുവാങ്ങി കോഹ്‍ലി

ന്യൂയോർക്ക്: 2023ലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി പുരസ്കാരം ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലി ഏറ്റുവാങ്ങി. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ന്യൂയോർക്കി​ലുള്ള താരം പുരസ്കാരവും ​തൊപ്പിയും ഏറ്റുവാങ്ങുന്നതിന്റെ വിഡിയോ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. കഴിഞ്ഞ ജനുവരിയിലാണ് പുരസ്കാര ജേതാക്കളെ ഐ.സി.സി പ്രഖ്യാപിച്ചത്.

നാലാം തവണയാണ് താരം ഈ പുരസ്കാരം നേടുന്നത്. 2012ൽ ആദ്യം മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട കോഹ്‍ലി തുടർന്ന് 2017, 2018 വർഷങ്ങളിലും ലോകത്തെ മികച്ച ഏകദിന ക്രിക്കറ്ററായിരുന്നു. 2023ലെ ഐ.സി.സി പുരുഷ ക്രിക്കറ്റ് ടീമിലും കോഹ്‍ലി ഇടംപിടിച്ചിരുന്നു.


കഴിഞ്ഞ വർഷം തകർപ്പൻ ഫോമിലായിരുന്ന താരം 27 ഏകദിനങ്ങളിൽ ആറ് സെഞ്ച്വറിയും എട്ട് അർധസെഞ്ച്വറിയും അടക്കം 72.47 ശരാശരിയിൽ 1377 റൺസാണ് അടിച്ചുകൂട്ടിയത്. 99.13 ആയിരുന്ന സ്ട്രൈക്ക് റേറ്റ്. ഇന്ത്യയുടെ ഏഷ്യാ കപ്പ് കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരം, ഏകദിന ലോകകപ്പിൽ 11 മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറിയും ആറ് അർധസെഞ്ച്വറികളും അടക്കം 765 റൺസാണ് നേടിയത്. ടൂർണമെന്റിലെ ടോപ് സ്കോററായ കോഹ്‍ലി ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന റെക്കോഡും സ്വന്തം പേരിലാക്കിയിരുന്നു. 2003ലെ ലോകകപ്പിൽ 673 റൺസ് നേടിയ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറിനെയാണ് മറികടന്നത്.

2023ലെ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ആസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനായിരുന്നു. 59 വിക്കറ്റും 422 റൺസും 12 ക്യാച്ചുകളുമാണ് കമ്മിൻസിന്റെ സമ്പാദ്യം. മികച്ച ട്വന്റി 20 താരമായി ഇന്ത്യയുടെ സൂര്യകുമാർ യാദവും ടെസ്റ്റ് ക്രിക്കറ്റായി ആസ്ട്രേലിയയുടെ ഉസ്മാൻ ഖ്വാജയുമാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 

Tags:    
News Summary - ICC ODI Player of the Year for the fourth time; Kohli received the award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.